News

3 വര്‍ഷത്തിനുശേഷം ഇതാദ്യമായി യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു

വാഷിങ്ടണ്‍: 3 വര്‍ഷത്തിനുശേഷം ഇതാദ്യമായി യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു. നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി)യുടെ രണ്ടുദിവസം നീണ്ട യോഗത്തിനുശേഷമാണ് നിരക്ക് കാല്‍ ശതമാനം (0.25%) വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ആറ് യോഗങ്ങളിലും നിരക്ക് വര്‍ധിപ്പിക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. 2023ല്‍ പലിശ നിരക്ക് മൂന്നു തവണയായി ഉയര്‍ത്തിയേക്കാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിലക്കയറ്റത്തിന്റെ തോതും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ഇതോടെ 2022 അവസാനമാകുമ്പോള്‍ പലിശ നിരക്ക് 1.9 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ നിരക്ക് വര്‍ധന ഉണ്ടായേക്കില്ലെന്നുമാണ് വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ, പണപ്പെരുപ്പത്തെ നേരിടാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമം.

അവസാനമായി 2018ലാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. കോവിഡിനെതുടര്‍ന്ന് നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പിന്നീട് കുറയ്ക്കുകയും ചെയ്തു. യുഎസിലെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.9 ശതമാനമാണ് രേഖപ്പെടുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പുണ്ടായതിനാല്‍ പ്രതീക്ഷിച്ചതിലൂം കൂടുതല്‍ നിരക്ക് ഉയര്‍ത്തേണ്ടിവന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാം. 1982ന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഇത്ര ഉയര്‍ന്ന നിലയില്‍ എത്തുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയും യുഎസിന് തിരിച്ചടിയായി. നിലവില്‍ വിതരണ ശൃംഖലയില്‍ നേരിടുന്ന തടസ്സങ്ങള്‍ പരമവധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.

Author

Related Articles