News

ഉത്സവകാല വില്‍പ്പന: 4 ദിവസം കൊണ്ട് ഇ കൊമേഴ്‌സിംഗ് കമ്പനികള്‍ നേടിയത് 35,400 കോടി രൂപ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ തളരാതെ ഓണ്‍ലൈന്‍ വ്യാപാര മേഖല. ഫെസ്റ്റിവല്‍ സെയിലിലൂടെ നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്‌സിംഗ് കമ്പനികള്‍ നേടിയത് 35,400 കോടി രൂപ. ഇതില്‍ നാല് ദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും  നേടിയത് 26,000 കോടിയുടെ വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ നടന്നത്.

ഏകദേശം ആറ് കോടിയോളം ഉപഭോക്താക്കളാണ് ഓണ്‍ലൈനിലൂടെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കിയത്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പുകള്‍, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികള്‍ കൂടുതല്‍ വിറ്റഴിച്ചത്. ആമസോണില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കൂടാതെ ഇലക്ട്രോണിക്‌സ്, ഫാഷന്‍ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുന്‍നിര ബ്രാന്‍ഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണില്‍ ഒരുക്കിയത്.

നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോണ്‍ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈല്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഹോം ഫര്‍ണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ കൂടുതല്‍ വില്പന നടന്നത്. ഓരോ സെക്കന്‍ഡിലും 110 ഓര്‍ഡര്‍ പ്ലെയ്‌സ്മെന്റുകള്‍ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു.

പ്ലാറ്റ്‌ഫോം സന്ദര്‍ശകരില്‍ 52 ശതമാനവും ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. മൊബൈല്‍ വിഭാഗം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളില്‍ രണ്ടിരട്ടി വളര്‍ച്ച ഉണ്ടായി.  ഫാഷന്‍ വിഭാഗത്തില്‍ 1,500 പുതിയ നഗരങ്ങളില്‍നിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാന്‍ഡുകളില്‍നിന്നായി 1.6 കോടി ഉത്പന്നങ്ങള്‍ ഫാഷന്‍ വിഭാഗത്തില്‍ വിറ്റഴിച്ചിട്ടുണ്ട്.

Author

Related Articles