News

ബി ആര്‍ ഷെട്ടിയുടെ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ തയാറായി പ്രിസം അഡ്‌വാന്‍സ് സൊലൂഷ്യന്‍സ്; പ്രതീക്ഷയോടെ ജീവനക്കാര്‍

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രയേലിലെ പ്രിസം അഡ്‌വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വരുന്ന നാലാഴ്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങുണ്ടാകുമെന്നതിനാല്‍ ജീവനക്കാരും പ്രതീക്ഷയിലാണ്.

ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ യുഎഇയില്‍ നൂറോളം ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുകയും തുടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏതാനും ശാഖകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. 100 കോടി ഡോളറിന്റെ ബാങ്ക് വായ്പകള്‍ കമ്പനിയുടെ കണക്കുകളില്‍നിന്ന് എങ്ങനെ അപ്രത്യക്ഷമായെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. മാര്‍ച്ച് മുതല്‍ ഏതാണ്ടെല്ലാ ശാഖകളും അടഞ്ഞുകിടക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ തന്നെ തങ്ങളുടെ ഇടപാടുകളുടെ സ്ഥിതി അറിയാന്‍ ബന്ധപ്പെടുന്ന ഇടപാടുകാരോടുള്ള ആശയവിനിമയമാണ് നടക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ശമ്പളം വെട്ടിക്കുറച്ചിട്ടും ഉള്ള ശമ്പളം തന്ന വൈകിയിട്ടും ഇവിടത്തന്നെ പിടിച്ചുനില്‍ക്കുന്ന ജീവക്കാര്‍ പുതിയ ഇടപാടിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.

യുഎഇ എക്‌സ്‌ചേഞ്ച് -  പ്രിസം ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ അടിമുടി പരിഷ്‌കാരങ്ങളോടെയായിരിക്കും സ്ഥാപനം പ്രവര്‍ത്തനം പുനഃരാരംഭിക്കുക. ഇതിന് പുറമെ ഫിനാബ്ലറിന്റെയും അനുബന്ധ കമ്പനികളുടെയും ബാധ്യത തീര്‍ക്കല്‍, പ്രവര്‍ത്തനമൂലധനം ലഭ്യമാക്കല്‍, കമ്പനി ബോര്‍ഡ് പുനഃസംഘടന തുടങ്ങിയ വഴികളിലൂടെയേ തിരിച്ചുവരവ് സാധ്യമാവൂ.

ഫിനാബ്ലറുമായുള്ള ഇടപാടില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും യുഎഇയും ഇസ്രയേലും തമ്മിലുള്ള ആദ്യത്തെ വലിയ സാമ്പത്തിക ഇടപാടായി ഇത് മാറുമെന്നുമാണ് പ്രിസത്തിന്റെ തലപ്പത്തുള്ളവരുടെ പ്രതികരണം. വെല്ലുവിളികള്‍ നിറഞ്ഞൊരു ഉദ്യമമാണെന്നും എല്ലാവരുടെയും സഹായത്തോടെ ഫിനാബ്ലറിന്റെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.

Author

Related Articles