News

പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റം തീരുവ ഒഴിവാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റം തീരുവ ഒഴിവാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. ടെക്സറ്റൈല്‍ വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ പരുത്തി ഇറക്കുമതിക്ക് അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും (ബിസിഡി) അഞ്ച് ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസും (എഐഡിസി) ആണുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ആണ് പരുത്തി ഇറക്കുമതിക്ക് മേലുള്ള ഈ തീരുവകള്‍ ഒഴിവാക്കുന്നതായി അറിയിച്ചത്.

ആഭ്യന്തര വില കുറയ്ക്കാന്‍ തീരുവ ഒഴിവാക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഇളവ് ടെക്സ്റ്റൈല്‍ ശൃംഖലയ്ക്ക് ഗുണം ചെയ്യും. നൂല്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, എന്നിവയുടെ വില കുറയുന്നത് ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്‍കും. കൂടാതെ തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ധിക്കാനും കാരണമാകുമെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ടെക്സ്‌റ്റൈല്‍ മേഖലയില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓഗനൈസേഷന്‍ പ്രസിഡന്റ് എ ശക്തിവേല്‍ പറഞ്ഞു.

തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിനൊപ്പം നൂലിന്റെയും തുണിയുടെയും വില കുറയാനും കാരണമാകും.അടുത്തിടെ അമേരിക്ക അടക്കം പല രാജ്യങ്ങളിലേക്കുമുള്ള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യ വിപണി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും യുഎഇയുമായും ഓസ്‌ട്രേലിയയുമായുമുള്ള സ്വതന്ത്ര വ്യാപാര കരാര്‍  അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും 2030ഓടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറിലെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles