News

പ്രവാസികൾക്ക് കരുതലുമായി കേരള സർക്കാർ; നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ വഴി ആശ്വാസ സഹായങ്ങള്‍; പെന്‍ഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ; കോവിഡ് പോസിറ്റീവായവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം

തിരുവന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ വഴി പ്രവാസികൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെൻഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ കേള്‍ക്കാനും സാധ്യമായ ഇടപെടലുകള്‍ നടത്താനും നോര്‍ക്കയും സര്‍ക്കാരും സദാ ജാഗരൂകരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധി അംഗങ്ങൾക്ക്

നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ വഴിയാണ് പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കുക. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കും. ഏകദേശം 15,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ക്ഷേമനിധിയില്‍ അംഗങ്ങളായ, കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര സഹായവും അനുവദിക്കും.

നോര്‍ക്ക ധനസഹായം

ക്ഷേമനിധി ബോര്‍ഡിന്‍റെ തനത് ഫണ്ടില്‍ നിന്നുമാണ് സഹായങ്ങള്‍ നല്‍കുക. 2020 ജനുവരില്‍ ഒന്നിനു ശേഷം വാലിഡ് പാസ്പോര്‍ട്ട്, ജോബ് വിസ എന്നിവയുമായി വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവർക്കും ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായവും നോര്‍ക്ക നല്‍കും.

സാന്ത്വന പദ്ധതി

സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 ഉം ഉള്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായതും എന്നാല്‍, ക്ഷേമനിധി സഹായം ലഭ്യമാകാത്തവരുമായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് പറയാനുള്ളതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

നോർക്ക ഹെൽപ്പ് ഡെസ്ക്

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായ എല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

Author

Related Articles