News

കൊവിഡ് സാമ്പത്തിക പാക്കേജ് വിഫലമെന്ന് വിവരാവകാശ രേഖ; 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജില്‍ 10 ശതമാനം പോലും വിതരണം ചെയ്തില്ല

മുംബൈ: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കാര്യമായി ഉപയോഗിച്ചില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്രം 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതില്‍ പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. കൊവിഡിനെ നേരിടുന്നതിനുള്ള ലോക്ഡൗണ്‍ കാരണം സാമ്പത്തിക രംഗം നിശ്ചലമായി നില്‍ക്കെ എട്ടുമാസം മുമ്പാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്.

കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. വലിയ തട്ടിപ്പായിരുന്നു എന്ന് ജനങ്ങള്‍ പറയുന്ന അവസ്ഥയാണ്. ഇതുവരെ പദ്ധതിയില്‍ നിന്ന് എത്ര തുക അനുവദിച്ചു എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് പുനെയില്‍ നിന്നുള്ള വ്യവസായി പ്രഫുല്‍ സര്‍ദയാണ് വിവകരാവകാശ രേഖ പ്രകാരം അപേക്ഷ നല്‍കിയത്. ഓരോ വകുപ്പില്‍ നിന്ന് അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തുടകയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടത്.

പാക്കേജിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ അനുവദിച്ചു എന്നാണ് ധനമന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. അതായത് 130 കോടി ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് എട്ട് രൂപ വെച്ചാണ് ലഭിക്കുക. ഇത് വലിയ ചതിയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ വായ്പ തിരിച്ചടയ്ക്കേണ്ടതായിരുന്നു.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരില്‍ നിന്ന് യാതൊന്നും ലഭിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. ഈ പദ്ധതി അനുസരിച്ച് മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വായ്പയെടുത്തത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് ലക്ഷം കോടി രൂപ മാത്രം അനുവദിച്ചിരിക്കെ ബാക്കി 17 ലക്ഷം കോടി രൂപ എന്ത് ചെയ്തുവെന്ന ചോദ്യം ശക്തമാണ്. പ്രഖ്യാപിച്ച പദ്ധതി തന്നെ തട്ടിപ്പായിരുന്നോ എന്നാണ് തന്റെ സംശയമെന്നും വിവരാവകാശ അപേക്ഷ നല്‍കിയ പ്രഫുല്‍ സര്‍ദ പറഞ്ഞു.

Author

Related Articles