News

ഫിനോ പേയ്മെന്റ് ബാങ്ക് ഐപിഒ ഒക്ടോബര്‍ 29 മുതല്‍

ഫിനോ പേയ്മെന്റ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെയായി നടക്കും. 300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 15.60 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഫിനോ പേയ്മെന്റ് ബാങ്കിന്റെ ഐപിഒയിലൂടെ നടക്കുന്നത്. നിലവില്‍ 100 ശതമാനം ഓഹരികളും ഫിനോ പേടെക്കിന്റെ കൈവശമാണ്. നവംബര്‍ 12 ഓടെ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി ആക്സിസ് ക്യാപിറ്റല്‍, സിഎല്‍എസ്എ ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് എന്നിവയെയാണ് ഇഷ്യു മാനേജര്‍മാരായി ഫിനോ പേയ്മെന്റ് ബാങ്ക് നിയമിച്ചിട്ടുള്ളത്. അതേസമയം, ഐപിഒയിലൂടെ സമാഹരിക്കുന്ന തുക മൂലധന ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഡിജിറ്റ് പേയ്മെന്റ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി നിലവില്‍ വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഫിനോ പേയ്മെന്റ് ബാങ്ക് പ്ലാറ്റ്ഫോമിലൂടെ 434.96 ദശലക്ഷം ഇടപാടുകളാണ് ഉപഭോക്താക്കള്‍ നടത്തിയത്. 1.33 ട്രില്യണാണ് ഇക്കാലയളവിലെ മൊത്തം ഇടപാട് മൂല്യം. 2021 സാമ്പത്തിക വര്‍ഷത്തില്‍, 791.03 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷം ഇത് 691.40 കോടി രൂപയായിരുന്നു.

Author

Related Articles