News

ഈസ്റ്റേണ്‍ കമ്പനിയുടെ കറിപൗഡര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നഷ്ടം 30 കോടി; ഫാക്ടറിയിലെ വിലപിടിപ്പുള്ള പലതും നശിച്ചെന്ന് റിപ്പോര്‍ട്ട്

കുമളി: ഈസ്റ്റേണ്‍ കമ്പനിയുടെ കറി പൗഡര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 30കോടി രൂപയുടെ നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ 7.30-ഓടെയാണ് തേനി കോടാങ്കിപ്പെട്ടിയിലുള്ള കറിപൗഡര്‍ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ ഏഴു വാഹനങ്ങളെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കനത്ത പുക മൂലം ഫാക്ടറിയിലേക്കു കടക്കാനായില്ല. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കിയത്. 30 യുണിറ്റ് അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി ചൊവ്വാഴ്ച ഉച്ചയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

തേനി പളനിസെട്ടിപെട്ടി(പി.സി. പെട്ടി)യിലെ ബോഡി റോഡ് സൈഡിലുള്ള ഫാക്ടറിയില്‍ തീപിടിച്ചത്. മൂവായിരം ടണ്‍ വത്തല്‍മുളക്, രണ്ടായിരം ടണ്‍ മല്ലി, ആയിരം ടണ്‍ മസാല എന്നിവ കത്തിനശിച്ചു. 2500-ടണ്‍ സുഗന്ധവ്യഞ്ജനവും ഫാക്ടറിയിലെ യന്ത്രസാമഗ്രികളും കത്തിനശിച്ചു. എ.സി.മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് നിഗമനത്തിലാണ് അധികൃതര്‍.

സമീപ ഗ്രാമങ്ങളായ കോടാങ്കിപെട്ടി, ഭത്തിരകളിപുരം എന്നിവിടങ്ങളിലേക്കും പുക പടര്‍ന്നു. മുളകും മല്ലിയും കത്തിയതിന്റ പുകയും മണവും ജനങ്ങള്‍ക്കു ശ്വാസതടസമുണ്ടാക്കി. ഇവിടെയുള്ള നാലു ഗോഡൗണുകളില്‍ ഒരെണ്ണം പൂര്‍ണമായി കത്തിനശിച്ചു. പത്തു വര്‍ഷം മുമ്പും ഇതേ ഗോഡൗണില്‍ തീപിടിത്തമുണ്ടായിരുന്നു. തേനി ഡിവൈ.എസ്പി: മുത്തുരാജിന്റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Author

Related Articles