News

ഗുരുതര തൊഴില്‍ പ്രതിസന്ധി; ജൂലൈ മാസത്തില്‍ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ മാസത്തില്‍ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേര്‍ക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രില്‍ മാസത്തില്‍ 1.77 കോടി പേര്‍ക്കും മെയ് മാസത്തില്‍ 1.78 കോടി പേര്‍ക്കും ജൂണില്‍ 39 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി.

ഇതോടെ ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേര്‍ക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി. സാധാരണ സ്ഥിരവരുമാനമുള്ളവര്‍ക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാറില്ല. എന്നാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഇത് തിരിച്ചുകിട്ടുക വളരെ പ്രയാസകരമായിരിക്കും എന്നും സിഎംഐഇ പറയുന്നു.

രാജ്യത്ത് 27 ലക്ഷം പേരെ കൊവിഡ് രോഗം ബാധിച്ചു. സാമ്പത്തിക മേഖലയാകെ കടുത്ത തിരിച്ചടിയുണ്ടായി. ചെറുകിട വ്യാപാരികളും വഴിയോര കച്ചവടക്കാരും ദിവസ വേതന തൊഴിലാളികളുമാണ് കൊവിഡ് മൂലം ഏറ്റവുമധികം വലഞ്ഞത്. ഈ വിഭാഗങ്ങളില്‍ പെട്ട 91.2 ദശലക്ഷം ആളുകള്‍ക്ക് ഏപ്രില്‍ മാസത്തില്‍ മാത്രം ജോലി നഷ്ടമായിട്ടുണ്ട്. ആകെ തൊഴിലിന്റെ 32 ശതമാനം ഈ വിഭാഗമാണ്. എന്നാല്‍ കൊവിഡില്‍ തിരിച്ചടി നേരിട്ടവരില്‍ 75 ശതമാനവും ഈ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.

അതേസമയം ഏപ്രില്‍ മാസത്തില്‍ ജോലി നഷ്ടപ്പെട്ടവരില്‍ 15 ശതമാനം മാത്രമാണ് സ്ഥിരവരുമാനം ഉണ്ടായിരുന്നവര്‍. ഏപ്രിലില്‍ നഷ്ടപ്പെട്ടതില്‍ 1.44 കോടി തൊഴിലുകള്‍ മെയ് മാസത്തില്‍ തിരിച്ചുവന്നു. 4.45 കോടി ജൂണ്‍ മാസത്തിലും 2.55 കോടി ജൂലൈ മാസത്തിലും തിരികെയെത്തി. 6.8 കോടി തൊഴിലുകളാണ് ഇനി സമ്പദ് ഘടനയുടെ ഭാഗമാകാനുള്ളത്.

Author

Related Articles