News

അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍ നിക്ഷേപ ഹബ്ബായി മാറും; രൂപരേഖ തയ്യാറാകുന്നു

ദില്ലി: ബജറ്റില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച അഞ്ച് സ്മാര്‍ട്ട് സിറ്റികള്‍ നിക്ഷേപക ഹബ്ബാക്കാന്‍ ആലോചന. ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്‌സിറ്റി മാതൃകയില്‍ മെട്രോ ഇടനാഴികള്‍,ഊര്‍ജ്ജസംരക്ഷണ ബില്‍ഡിങ്ങുകള്‍,അത്യാധുനിക സൗകര്യങ്ങളുള്ള ഓട്ടോമാറ്റിക് മാലിന്യ നിര്‍മാര്‍ജ്ജന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നഗരങ്ങള്‍ വികസിപ്പിക്കാനാണ് നീക്കം. ബജറ്റില്‍ മുമ്പോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്. പ്രമോഷന്‍ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റും ഗാര്‍ഹിക നഗര ആസൂത്രണ വകുപ്പും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്.

നിലവിലുള്ള സ്മാര്‍ട്ട്‌സിറ്റികള്‍ പോലെ നഗരത്തിന്റെ ചെറിയൊരു ഭാഗം പരിഷ്‌കരിച്ച് വികസിപ്പിക്കുന്ന രീതി മാറ്റി പൂര്‍ണമായും നിക്ഷേപഹബ്ബാക്കി വികസിപ്പിക്കാനാണ് പദ്ധതി.പുതിയ സ്മാര്‍ട്ട്‌സിറ്റി ജിഐഎഫ്ടി,പ്രത്യേക സാമ്പത്തിക മേഖല എന്നിവയുടെ മാതൃകയിലാണ് പരിഷ്‌കരിക്കുക. മറിച്ച് സ്വകാര്യ നിക്ഷേപകരെ ഈ നഗരത്തിലേക്ക് ആകര്‍ഷിക്കുംവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കു ഊന്നല്‍ നല്‍കും. മികച്ച ബിസിനസ് കേന്ദ്രങ്ങളാക്കി നഗരത്തെ മാറ്റുന്നതിനൊപ്പം നഗരത്തിന്റെ വലിയൊരു ഭാഗം മാനുഫാക്ച്ചറിങ് പോലെയുള്ള പ്രത്യേക വിഭാഗത്തെ ഉള്‍ക്കൊള്ളിക്കും. പൊതു സ്വകാര്യപങ്കാളിത്ത മാതൃകയില്‍ സംസ്ഥാനവും കേന്ദ്രവും ഒരുപോലെ സാമ്പത്തിക സഹായം നല്‍കിയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. പുതിയ സ്മാര്‍ട്ട് സിറ്റിയില്‍ പുതിയ ഗതാഗത സംവിധാനം,അന്താരാഷ്ട്ര വിമാനതാവളമായും ചര്‍ക്ക് ടെര്‍മിനലുമായും ബന്ധിപ്പിക്കുന്ന മെട്രോലൈനുകള്‍,ഓട്ടോമാറ്റിക് അഥവാ ഇന്റലിജന്റ് സഞ്ചാര സൗകര്യം,ഭൂഗര്‍ഭ വൈദ്യുത കേബിളുകള്‍,പുനരുപയോഗ ഊര്‍ജ്ജ ഉറവിടങ്ങള്‍,മലിനജല സംസ്‌കരണ ശാലകള്‍ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Author

Related Articles