News

വിമാനയാത്രയ്ക്ക് ഇനി ചിലവേറും; വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസ് ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനയാത്രയ്ക്ക് ഇനി ചിലവേറും. വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വര്‍ധനവ് വരുത്തിയതോടെയാണിത്. പുതുക്കിയ എയര്‍ സെക്യൂരിറ്റി ഫീ അഥവാ എഎസ്എഫ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയും ആയി ഫീസ് വര്‍ധിപ്പിച്ചതോടെ ആഭ്യന്തര യാത്രക്കാര്‍ 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 12 യുഎസ് ഡോളര്‍ അല്ലെങ്കില്‍തുല്യമായ ഇന്ത്യന്‍ രൂപയും എഎസ്എഫ് ആയി നല്‌കേണ്ടി വരും. രാജ്യത്തുടനീളമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിമാന ടിക്കറ്റുകളില്‍ നിന്നും ഈടാക്കുന്ന തുകയാണ് എയര്‍ സെക്യൂരിറ്റി ഫീ. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലെയും സുരക്ഷ ചുമതല സിഐഎസ്എഫിന്റേതാണ്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, നയതന്ത്ര പാസ്പോര്‍ട്ട് ഉടമകള്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ക്രൂ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) നടത്തുന്ന വിമാനത്തില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ യാത്ര ചെയ്യുന്നവര്‍, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കെടുക്കുവാനായി ഔദ്യോഗിക ഡ്യൂട്ടിയില്‍ യാത്ര ചെയ്യുന്നവര്‍, മറ്റു വിമാനത്താവളങ്ങളില്‍ നിന്നു റീറൂട്ടിങ് / സാങ്കേതിക പ്രശ്‌നങ്ങള്‍ / കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ കാരണം എത്തിച്ചേരുന്നവര്‍ എന്നിവരെ എഎസ്എഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പ് 2020 സെപ്റ്റംബറില്‍ ആണ് എഎസ്എഫ് വര്‍ധനവ് നടപ്പാക്കിയത്. ആഭ്യന്തര യാത്രക്കാര്‍ക്ക് 10 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4.85 ഡോളറില്‍ നിന്ന് 5.20 ഡോളറുമാണ് അന്ന് വര്‍ധിപ്പിച്ചത്‌കൊവിഡ് -19 വ്യാപനം ഇന്ത്യന്‍ വ്യോമയാനത്തെ സാരമായി ബാധിച്ച സമയത്തായിരുന്നു ഇത്. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവ് വരുത്തിയിരുന്നു. ഇന്ധന വിലയിലെ തുടര്‍ച്ചയായ വര്‍ധനവിനെ തുടര്‍ന്നാണ് മിനിമം ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തിയത്.

Author

Related Articles