News

മൊബൈല്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് മെക്ക് മോച്ചയുമായി സഹകരിക്കാനൊരുങ്ങി ഫ്‌ലിപ്കാര്‍ട്ട്

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് മെക്ക് മോച്ചയെ ഏറ്റെടുത്തു. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. ഗെയിം പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളുമായി ഇടപഴകുന്നതിന് നൂതനമായ ഫോര്‍മാറ്റുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെക്ക് മോച്ചയുടെ ഗെയിമിംഗ് ടീം ഫ്‌ലിപ്പ്കാര്‍ട്ടില്‍ ചേരുന്നത്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഉപഭോക്തൃ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മൊബൈല്‍ ഗെയിമിംഗ് വളരുകയാണ്. 2015 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള മെക്ക് മോച്ചയുടെ ഒരു മില്യണ്‍ ഡോളര്‍ സീഡ് ഫണ്ടിംഗ് റൗണ്ടിലും ഫ്‌ലിപ്കാര്‍ട്ട് നിക്ഷേപം നടത്തിയിരുന്നു. ആറ് വയസുള്ള സ്റ്റാര്‍ട്ടപ്പ് മെക്ക് മോച്ച ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ 'ഹലോ പ്ലേ' എന്ന പ്രാദേശിക ഗെയിമിംഗ് പ്ലാറ്റ്‌ഫോം നടത്തുന്നു. കൂടാതെ ജനപ്രിയ മള്‍ട്ടി-പ്ലേയര്‍ ഗെയിമുകളായ ലുഡോ, കാരം, പാമ്പുകള്‍, ലാഡര്‍, ക്രിക്കറ്റ് എന്നിവ ഉള്‍പ്പെടെ പത്ത് ഗെയിമുകളുണ്ട്.

അര്‍പിത കപൂറും മോഹിത് രംഗരാജുവും ചേര്‍ന്ന് സ്ഥാപിച്ച മെക്ക് മോച്ചയ്ക്ക് ആക്സല്‍, ബ്ലൂം വെഞ്ചേഴ്സ്, ഷണ്‍വേ ക്യാപിറ്റല്‍ എന്നിവയുടെ പിന്തുണയുണ്ട്. മെക്ക് മോച്ച ടീം ഫ്‌ലിപ്കാര്‍ട്ടില്‍ ചേരുമ്പോള്‍, ഫ്‌ലിപ്പ്കാര്‍ട്ടിന്റെ വൈസ് പ്രസിഡന്റ് പ്രകാശ് സിക്കാരിയയുടെ കീഴില്‍ ഗെയിമിംഗ് ശ്രമങ്ങള്‍ സ്‌കെയില്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിരവധി ഇ-കൊമേഴ്സ് ഉപയോക്താക്കള്‍ വീഡിയോ ഗെയിമുകള്‍ പോലുള്ള ഫോര്‍മാറ്റുകളിലൂടെ ഓണ്‍ലൈനില്‍ സജീവമാകുകയാണ്.

Author

Related Articles