News

അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഫ്‌ലിപ്പ്കാര്‍ട്ടും വിശാല്‍ മെഗാ മാര്‍ട്ടും കൈകോര്‍ക്കുന്നു; 26 നഗരങ്ങളില്‍ സേവനം ലഭ്യമാകും

ബെംഗളൂരു: അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്പ്കാര്‍ട്ട് റീട്ടെയില്‍ സ്റ്റോര്‍ ശൃംഖല വിശാല്‍ മെഗാ മാര്‍ട്ടുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 26 നഗരങ്ങളിലെ സുരക്ഷിത വിതരണം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് പ്ലാറ്റ്‌ഫോമില്‍ ഒരു വിശാല്‍ മെഗാ മാര്‍ട്ട് എസന്‍ഷ്യല്‍സ് സ്റ്റോര്‍ സൃഷ്ടിച്ചു.
 
365 ലധികം വിശാല്‍ മെഗാ മാര്‍ട്ട് സ്റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അത്യാവശ്യ ഉല്‍പ്പന്നങ്ങളായ ആട്ട, അരി, എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍, സോപ്പ്, ടൂത്ത് പേസ്റ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഓര്‍ഡര്‍ ചെയാം. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ സോണുകളിലും ഫ്‌ലിപ്പ്കാര്‍ട്ട് സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും.

ഒരു ഉപഭോക്താവ് ഫ്‌ലിപ്പ്കാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ അടുത്തുള്ള വിശാല്‍ സ്റ്റോറില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ഉപഭോക്താവിന്റെ പടിവാതില്‍ക്കല്‍ എത്തിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, എന്‍സിആര്‍ -ഡെല്‍ഹി, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, പട്ന, ഗോവ, ഗുവാഹത്തി, അമൃത്സര്‍, ജലന്ധര്‍, ജയ്പൂര്‍, ബറേലി, വാരണാസി, ലഖ്നൗ, കാണ്‍പൂര്‍, അലിഗോര്‍, ഡെറാഡൂണ്‍ , ഗ്വാളിയര്‍, റായ്പൂര്‍, ബിലാസ്പൂര്‍, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് നിലവില്‍ ഈ സേവനം ലഭ്യമാകുന്നത്. അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ ഇത് 240 ലധികം നഗരങ്ങളിലേക്ക് വര്‍ധിപ്പിക്കും.

ഇപ്പോള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 365 സ്റ്റോറുകള്‍ സന്ദര്‍ശിക്കാനും അവശ്യവസ്തുക്കള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാനും കഴിയും. സുരക്ഷിതമായും ശുചിത്വപരമായും അത് അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും കഴിയുമെന്ന് വിശാല്‍ മെഗാ മാര്‍ട്ടിന്റെ സിഇഒയും എംഡിയുമായ ഗുണേന്ദര്‍ കപൂര്‍ പറഞ്ഞു.

News Desk
Author

Related Articles