News

ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസവുമായി ഫ്ളിപ്പ്കാര്‍ട്ട്; 2 മിനിട്ടില്‍ വായ്പ ലഭിക്കും

ചെറുകിട കച്ചവടക്കാര്‍ക്ക് രണ്ട് മിനിട്ട് കൊണ്ട് വായ്പ നല്‍കുന്ന ക്രെഡിറ്റ് പദ്ധതിയുമായി ഇ-കൊമേഴ്സ് ഭീമന്‍ ഫ്ളിപ്പ്കാര്‍ട്ട്. ചെറുകിട കച്ചവടക്കാരുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ കൈകാര്യം ചെയ്യുന്നതിനും അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും സഹായിക്കുന്നതിനായി ആദ്യത്തെ ക്രെഡിറ്റ് പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുമായും ഫിന്‍ടെക് സ്ഥാപനങ്ങളുമായും പങ്കുചേര്‍ന്നാണ് രണ്ട് മിനുട്ടില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഫ്ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നത്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായുള്ള പങ്കാളിത്തത്തോടെ 'ഈസി ക്രെഡിറ്റ്' ഉം ഈ പദ്ധതിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്കായി ലഭ്യമാക്കും. രാജ്യത്തെ 15 ലക്ഷത്തോളം വരുന്ന ചെറുകിട കച്ചവക്കാര്‍ക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണിന് യാതൊരു ചാര്‍ജോ ഫീസോ ആവശ്യമായി വരുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് വഴി 5,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് 14 ദിവസം വരെ പലിശ രഹിത കാലയളവില്‍ ക്രെഡിറ്റായി ലഭിക്കുക.

ഫ്ളിപ്പ്കാര്‍ട്ട് മൊത്തക്കച്ചവടത്തിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യം ചില്ലറ വ്യാപാരികളുടെ ബിസിനസ് എളുപ്പമാക്കുകയും അവരുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുക എന്നതാണെന്ന് ഹോള്‍സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന പ്രാദേശിക വെല്ലുവിളികള്‍ പരിഹരിക്കാനും അവരുടെ പണമൊഴുക്ക് നിയന്ത്രിക്കാനും ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവരുടെ വാങ്ങല്‍ അനുഭവം മെച്ചപ്പെടുത്താനും പുതിയ ക്രെഡിറ്റ് പ്ലാന്‍ അനുയോജ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഫ്ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍ രാജ്യത്തുടനീളം 1.5 ദശലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ക്കും ഹാട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുന്നുണ്ട്.

Author

Related Articles