News

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്; 12 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 11.173 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 606.475 ബില്യണ്‍ ഡോളറിലാണ് കരുതല്‍ ശേഖരമുള്ളത്. എക്കാലത്തെയും ഉയര്‍ന്ന ഇടിവാണിത്. കഴിഞ്ഞ നാലാഴ്ചക്കിടെ ഏകദേശം 27 ബില്യണ്‍ ഡോളറാണ് ചോര്‍ന്നത്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ ഡോളര്‍ വില്‍പനയിലൂടെ ആര്‍.ബി.ഐ പണ വിപണിയില്‍ ഇടപെടുന്നത് തുടരുന്നതാണ് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും കരുതല്‍ ശേഖരം കുറയാന്‍ കാരണം. സാധാരണയായി വിദേശനാണയ കരുതല്‍ ശേഖരം വിറ്റ് പണ വിപണിയിലെ ചാഞ്ചാട്ടം കുറക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കാറുണ്ട്. എന്നാല്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം തിരിച്ചടിയായി.

വിദേശ നാണയ കരുതല്‍ ശേഖരത്തിന്റെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തിയിലാണ് വന്‍ ഇടിവ്. 2022 ഏപ്രില്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 10.727 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 539.727 ബില്യണ്‍ ഡോളറാണിപ്പോള്‍. വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെ മൂല്യം ഉയരുന്നതും താഴുന്നതും വിദേശ കറന്‍സി ആസ്തികളെ ബാധിക്കാറുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ആഘാതങ്ങള്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന് കുറച്ച് നാള്‍ കൂടി ഭീഷണിയായി തുടരുമെന്ന് ബ്രിട്ടീഷ് നിക്ഷേപക സ്ഥാപനമായ ബാര്‍ക്ലേയ്‌സ് വിലയിരുത്തുന്നു.

Author

Related Articles