News

എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയുമായി ഇല്‍കര്‍ ഐസിയെ നിയമിച്ചു

എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയുമായി ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍കര്‍ ഐസിയെ നിയമിച്ചു. പുതിയ നിയമനം പ്രഖ്യാപിച്ചുകൊണ്ട് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു, ''ഇല്‍ക്കര്‍ തന്റെ ഭരണകാലത്ത് ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ അതിന്റെ നിലവിലെ വിജയത്തിലേക്ക് നയിച്ച ഒരു വ്യോമയാന വ്യവസായ പ്രമുഖനാണ്. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന ഇല്‍ക്കറെ ടാറ്റ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 2022 ഏപ്രില്‍ ഒന്നിനോ അതിന് മുമ്പോ ഇല്‍കര്‍ ഐസി ചുമതലയേല്‍ക്കും.

''ഒരു ഐക്കണിക് എയര്‍ലൈനിനെ നയിക്കാനും ടാറ്റ ഗ്രൂപ്പില്‍ ചേരാനുമുള്ള അവസരത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. എയര്‍ ഇന്ത്യയിലെ എന്റെ സഹപ്രവര്‍ത്തകരുമായും ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായും അടുത്ത് പ്രവര്‍ത്തിച്ച് എയര്‍ ഇന്ത്യയുടെ ശക്തമായ പൈതൃകം ഉപയോഗപ്പെടുത്തി ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാക്കി മാറ്റുമെന്ന് ഇല്‍ക്കര്‍ ഐസി പറഞ്ഞു.

1971-ല്‍ ഇസ്താംബൂളിലാണ് ഐസി ജനിച്ചത്. ബില്‍കെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ബിരുദം നേടിയ ശേഷം യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സസ് വിഭാഗത്തില്‍ ഗവേഷകനായി സേവനമനുഷ്ഠിച്ചു. 1994-ല്‍ തന്റെ കരിയര്‍ ആരംഭിച്ച്, യഥാക്രമം കുര്‍ട്സന്‍ ഇലക്ലാര്‍ എ.എസ്, ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി, യൂണിവേഴ്‌സല്‍ ഡിസ് ടികാരെറ്റ് എ.എസ്. എന്നിവയില്‍ നിരവധി സ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ബസക് സിഗോര്‍ട്ട എ.എസില്‍ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചു.

2011 ജനുവരിയില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഇന്‍വെസ്റ്റ്മെന്റ് സപ്പോര്‍ട്ട് ആന്‍ഡ് പ്രൊമോഷന്‍ ഏജന്‍സിയുടെ ചെയര്‍മാനായി അദ്ദേഹം നിയമിതനായി. ഇത് ആഗോള ബിസിനസ്സ് സമൂഹത്തിന് തുര്‍ക്കിയുടെ നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ശേഷവും നിക്ഷേപകര്‍ക്ക് സഹായം നല്‍കുന്നതിനുമുള്ള ഔദ്യോഗിക സംഘടനയാണ്. 2013-ല്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സികളുടെ വൈസ് പ്രസിഡന്റായും പിന്നീട് 2014 ജനുവരിയില്‍ ചെയര്‍മാനായും നിയമിതനായി. ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. എയര്‍ലൈന്‍ പുനരുജ്ജീവിപ്പിക്കാന്‍ മികച്ച പ്രൊഫഷണലുകളുടെ ഒരു ടീമിന് അന്തിമരൂപം നല്‍കിവരുകയാണ്. എഐയുടെ പുതിയ ബോര്‍ഡിനെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തന്നെ നയിക്കാനാണ് സാധ്യത.

Author

Related Articles