News

ജനറല്‍ ഇലക്ട്രിക് മുന്‍ സിഇഒ ജാക്ക് വെല്‍ഷ് വിട വാങ്ങി; നഷ്ടപ്പെട്ടത് തന്റെ സുഹൃത്തും പിന്തുണക്കാരനുമായിരുന്ന 'ന്യൂട്രോണ്‍ ജാക്ക്' എന്ന് ട്രംപ്

സംരംഭകത്വത്തിലെ പരമ്പരാഗത ശൈലികള്‍ കാലാനുസൃതമായി നവീകരിച്ച് നൂറു മേനി വിളവു കൊയ്ത മുന്‍ ജനറല്‍ ഇലക്ട്രിക് (ജിഇ) സിഇഒ ജാക്ക് വെല്‍ഷ് അന്തരിച്ചു. വൃക്കസംബന്ധമായ തകരാറായിരുന്നു മരണകാരണമെന്ന് ഭാര്യ സുസി പറഞ്ഞു. 'ജാക്ക്: സ്ട്രെയിറ്റ് ഫ്രം ദി ഗട്ട്' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹത്തിന് 84 വയസായിരുന്നു.

1981 മുതല്‍ 2001 വരെ ജിഇയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ആയിരുന്ന വെല്‍ഷിന്റെ അതുല്യ നേതൃത്വത്തിലാണ് 1990 കളുടെ അവസാനത്തില്‍ ജിഇ മള്‍ട്ടിനാഷണല്‍ കമ്പനിയായി വളര്‍ന്നത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായും ജിഇയെ അദ്ദേഹം മാറ്റിയെടുത്തു.

മസാച്യുസെറ്റ്സില്‍ 1935 ല്‍ ജനിച്ച് കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച വെല്‍ഷ് 45-ാം വയസില്‍ കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആയി. ജി.ഇയെ വ്യാവസായിക, ധനകാര്യ സേവന ശക്തികേന്ദ്രമാക്കുന്നതില്‍ വെല്‍ഷ് വിജയിച്ചതോടെ കമ്പനിയുടെ ലാഭം അഞ്ചിരട്ടിയും മൂലധന വിപണി മൂല്യം 30 മടങ്ങും വര്‍ദ്ധിപ്പിച്ചു.

നഷ്ട പാതയിലായിരുന്ന കമ്പനിയുടെ പതനം ഒഴിവാക്കാന്‍ തന്റെ ആദ്യത്തെ അഞ്ച് വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വെല്‍ഷിന് ഇതോടെ 'ന്യൂട്രോണ്‍ ജാക്ക്' എന്ന വിളിപ്പേര് ലഭിച്ചു. എന്നാല്‍ 1999 ല്‍, തന്റെ അനന്യ പ്രാഗത്ഭ്യത്തിലൂടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ 'സെഞ്ചുറി മാനേജര്‍' എന്ന് നാമകരണം ചെയ്യുന്ന തലത്തിലേക്കുയര്‍ന്നു അദ്ദേഹം.

പ്രൊഫഷണല്‍ നാട്യങ്ങളോട് പുറം തിരിഞ്ഞു നിന്ന് വളച്ചുകെട്ടില്ലാതെ ഇടപെടുന്ന സ്വഭാവ രീതിയായിരുന്നു വെല്‍ഷിന്റേത്. 'ഞാന്‍ ജിഇയില്‍ ചേര്‍ന്ന ദിവസം മുതല്‍ 20 വര്‍ഷത്തിനുശേഷം സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട ദിവസം വരെ, എന്റെ പരിക്കന്‍ സ്വഭാവത്തെ മുന്‍നിര്‍ത്തി മേലധികാരികള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിപ്പോന്നു,' വെല്‍ഷ് തന്റെ 'ജാക്ക്: സ്ട്രെയിറ്റ് ഫ്രം ദി ഗട്ട്' പുസ്തകത്തില്‍ എഴുതി. ഈ പരുക്കന്‍ സ്വഭാവം കരിയറിനെ നശിപ്പിക്കുമെന്നായിരുന്നു പലരും പറഞ്ഞു ഭയപ്പെടുത്തിയത്. പക്ഷേ, തന്റെ കരിയര്‍ വിജയത്തിനു മുഖ്യ കാരണം വളച്ചുകെട്ടുകളോടു പൊരുത്തപ്പെടാതെയുള്ള പ്രവര്‍ത്തന ശൈലിയാണെന്ന് അദ്ദേഹം സ്വയം വിലയിരുത്തി.

ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആയിരിക്കവേ വെല്‍ഷ് കുറേക്കാലം സ്വന്തം കമ്പനിയിലെ, ടെക്‌നോളജി വിദഗ്ധനായ 21 കാരനെ മെന്ററാക്കി.സംശയമുള്ള എല്ലാ കാര്യത്തിലും നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിയ വെല്‍ഷിനെപ്പോലെ വേറെയാരെയും വ്യവസായ കുലപതികള്‍ക്കിടയില്‍ കാണാനാകില്ലെന്ന് ബിസിനസ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ അജ്ഞനാണെന്ന് ആളുകള്‍ കരുതുമോ എന്ന ഭയമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ചോദ്യങ്ങള്‍ ആത്മപരിശോധനയുടെ ഭാഗം കൂടിയാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആ ചോദ്യങ്ങളിലൂടെ അദ്ദേഹം പടുത്തുയര്‍ത്തിയത് ലോകത്തെ ഏറ്റവും വൈവിധ്യപൂര്‍ണ്ണവും മേന്മയും പുലരുന്ന കമ്പനികളിലൊന്നിനെയാണ്.

നിലവിലെ ജിഇ ചെയര്‍മാനും സിഇഒയുമായ ലാറി കല്‍പ് മുന്‍ഗാമിയുടെ വേര്‍പാടില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. വിജയത്തിനു വേണ്ടി നിരന്തരം അധ്വാനിക്കാനുള്ള ജാക്കിന്റെ ആഹ്വാനം ജിഇ ടീം നിസ്തന്ദ്രം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ന്യൂട്രോണ്‍ ജാക്കിനെപ്പോലെ ഒരു കോര്‍പ്പറേറ്റ് നേതാവും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്റെ സുഹൃത്തും പിന്തുണമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അത്ഭുതകരമായ ഡീലുകള്‍ നടത്തി. അദ്ദേഹത്തെ ഒരിക്കലും മറക്കില്ല.- പ്രസിഡന്റ് ട്രംപ് അനുശോചന ട്വീറ്റില്‍ രേഖപ്പെടുത്തി.

Author

Related Articles