News

എച്ച്ഡിഎഫ്സി ബാങ്ക് മേധാവി ആദിത്യ പുരി ഇനി സ്ട്രൈഡ്സ് ഗ്രൂപ്പ് ഉപദേശകന്‍

സ്ട്രൈഡ്സ് ഗ്രൂപ്പിന്റെ ഉപദേശകനായി മുന്‍ എച്ച്ഡിഎഫ്സി ബാങ്ക് മേധാവി ആദിത്യ പുരി ചുമതലയേറ്റു. സ്ട്രൈഡ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ട്രൈഡ് ഫാര്‍മ കമ്പനിയുടെ അസോസിയേറ്റ് ഡയറക്ടര്‍ പദവിയും ആദിത്യ പുരി വഹിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും ആദിത്യ പുരി വിരമിച്ചത്. 1994 മുതല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ സേവനം അനുഷ്ടിച്ച ഇദ്ദേഹം മാനേജിങ് ഡയറക്ടര്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ എച്ച്ഡിഎഫ്സി ബാങ്ക് കുറിച്ച വളര്‍ച്ചയില്‍ ആദിത്യ പുരിക്കുള്ള പങ്കൊട്ടും ചെറുതല്ല. ഇദ്ദേഹത്തിന്റെ നേതൃത്വപാടവത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി ഉയര്‍ന്നുവന്നത്. വിപണിമൂല്യം അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ഏറ്റവും മൂല്യമേറിയ ധനകാര്യസ്ഥാപനമാണ് ഇപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക്. 2019 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായും എച്ച്ഡിഎഫ്സി ബാങ്ക് അറിയപ്പെട്ടിരുന്നു.

എച്ച്ഡിഎഫ്സി ബാങ്കില്‍ എത്തും മുന്‍പ് രണ്ടു പതിറ്റാണ്ടുകാലം സിറ്റിബാങ്ക് മലേഷ്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു പുരി. എച്ച്ഡിഎഫ്സി ബാങ്ക് മേധാവിയായിരുന്നു കാലത്ത് നിരവധി പുരസ്‌കാരങ്ങളാണ് ആദിത്യ പുരിയെ തേടിയെത്തിയത്. ബാരണ്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും മികച്ച 30 സിഇഓമാരുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടംകണ്ടെത്തിയത് അദ്ദേഹത്തിന് വലിയ നേട്ടങ്ങളിലൊന്നാണ്. 2016 -ല്‍ ഫോര്‍ച്യൂണ്‍ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച 50 ബിസിനസ് വ്യക്തികളുടെ പട്ടികയിലും ആദിത്യ പുരി സ്ഥാനം കണ്ടെത്തി. 2019 -ല്‍ ഇന്ത്യാ ടുഡെയുടെ പവര്‍ ലിസ്റ്റ്, യൂറോമണി പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നീളും ആദിത്യ പുരി വാരിക്കൂട്ടിയ പൊന്‍തൂവലുകളുടെ പട്ടിക.

ഇന്ത്യയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയായ ഐസിഎഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ) ഹാള്‍ ഓള്‍ ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി ആദിത്യ പുരിയെ ആദരിച്ചിട്ടുണ്ട്. ഐസിഎഐയുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തിയും ആദിത്യ പുരി തന്നെ. ലോകത്തെ ഏറ്റവും മികച്ച ബാങ്കറെന്നാണ് വിശ്വപ്രസിദ്ധ സാമ്പത്തിക പ്രസിദ്ധീകരണമായ ഇക്കണോമിസ്റ്റ് ആദിത്യ പുരിനെ 2020 ഒക്ടോബര്‍ ലക്കം വിശേഷിപ്പിച്ചത്.

News Desk
Author

Related Articles