News

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഉര്‍ജിത് പട്ടേല്‍ എഐഐബി തലപ്പത്തേക്ക്

സര്‍ക്കാരുമായി തെറ്റി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഉര്‍ജിത് പട്ടേല്‍ കൂടുതല്‍ ഉത്തവാദിത്വങ്ങളിലേക്ക്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുമുഖ ഫണ്ടിങ് സ്ഥാപനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ (എഐഐബി) വൈസ് പ്രസിഡന്റായാണ് അദ്ദേഹം നിയമിതനാകുന്നത്. എഐഐബിയുടെ സ്ഥാപക അംഗമാണ് ഇന്ത്യ. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് വിഹിതമുള്ള രാജ്യവും ഇന്ത്യയാണ്. ചൈനയുടെ മുന്‍ ധനകാര്യ ഉപമന്ത്രി ജിന്‍ ലിഖുനാണ് ഇതിന്റെ തലവന്‍. 58 വയസുകാരനായ പട്ടേലിനെ മൂന്ന് വര്‍ഷത്തേയ്ക്കാണു നിയമിച്ചത്.

എഐഐബിയുടെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരിക്കും അദ്ദേഹം. അടുത്ത മാസം സ്ഥാനമേല്‍ക്കുമെന്നാണു വിലയിരുത്തല്‍. ആര്‍ബിഐയുടെ സ്വയംഭരണാധികാരം, ലാഭവിഹിതം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉര്‍ജിത് പട്ടേലിനെ ആര്‍ബിഐയില്‍ നിന്ന് അകറ്റിയത്. ദക്ഷിണേഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്- കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ എഐഐബിയുടെ പരമാധികാരവും പരമാധികാരേതരവുമായ വായ്പയുടെ ചുമതലയുള്ള സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് ഡി ജെ പാണ്ഡ്യന്റെ പിന്‍ഗാമിയാകും പട്ടേല്‍. 2016 സെപ്തംബര്‍ അഞ്ചിനാണ് രഘുറാം രാജന്റെ പിന്‍ഗാമിയായി പട്ടേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ാമത് ഗവര്‍ണറായി ചുമതലയേറ്റത്.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2018 ഡിസംബറില്‍ പട്ടേല്‍ രാജിവച്ചു. 2016 സെപ്തംബറില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ്, രാജന്റെ കീഴില്‍ ആര്‍ബിഐയിലെ ധനനയ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവിടങ്ങളിലും പട്ടേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐഐബിയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) ചേര്‍ന്ന് കോവിഡ്- 19 വാക്‌സിനുകള്‍ വാങ്ങുന്നതിനായി ഇന്ത്യയ്ക്കായി 200 കോടി ഡോളര്‍ വായ്പ പ്രോസസ് ചെയ്യുന്ന ഘട്ടത്തിലാണ് പട്ടേല്‍ നേതൃനിരയിലേക്ക് എത്തുന്നത്. രണ്ടു കോടി ഡോളറില്‍ മനില ആസ്ഥാനമായുള്ള എഡിബി 150 കോടി ഡോളറും എഐഐബി 50 കോടി ഡോളറുമാകും നല്‍കുക.

ചെന്നൈ മെട്രോ റെയില്‍ സംവിധാനത്തിന്റെ വിപുലീകരണത്തിനായി എഐഐബി അടുത്തിടെ 356.67 ദശലക്ഷം യുഎസ് ഡോളര്‍ വായ്പ അനുവദിച്ചിരുന്നു. ചെന്നൈ നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വികസനത്തിനായി മറ്റ് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ബംഗളൂരു മെട്രോ റെയില്‍ പദ്ധതിക്കും ബാങ്ക് പണം നല്‍കിയിട്ടുണ്ട്.

ഏഷ്യയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കു പ്രധാന ധനസഹായം നല്‍കുന്ന ബഹുമുഖ ബാങ്കായി എഐഐബി മാറിയെന്നും ചൈനീസ് ബാങ്ക് എന്ന ലേബല്‍ ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നു വിടവാങ്ങാല്‍ പ്രസംഗത്തില്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. യു.എസും ജപ്പാനും ഒഴികെ മിക്ക വികസിത, വികസ്വര രാജ്യങ്ങളും ബാങ്കില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 ജനുവരിയിലാണ് എഐഐബി ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ലോകമെമ്പാടുമുള്ള അംഗീകൃത അംഗങ്ങളുടെ എണ്ണം 105 ആണ്.

Author

Related Articles