News

റാണ കപൂറിന് സെബി ഒരു കോടി രൂപ പിഴ ചുമത്തി; ഇടപാടുകള്‍ മറച്ച് വെച്ചതിനെത്തുടര്‍ന്ന് നടപടി

ന്യൂഡല്‍ഹി: യെസ് ബാങ്ക് മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി സെബി. മോര്‍ഗാന്‍ ക്രഡിറ്റ്സിന്റെ ഇടപാടുകള്‍ യെസ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ നിന്നും മറച്ച് വെച്ചതിനാണ് നടപടി. ഇടപാടുകള്‍ മറച്ച് വെച്ചതിലൂടെ റാണ കപൂര്‍ നിക്ഷേപകര്‍ക്കും അദ്ദേഹത്തിനും ഇടയില്‍ ദുരൂഹമായ മറ സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് സെബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2018ല്‍ സീറോ കൂപ്പണ്‍ നോണ്‍ കര്‍വേര്‍ട്ടബില്‍ ഡിബെന്‍ച്വേഴ്സ് വഴി റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടുമായി മോര്‍ഗന്‍ ക്രഡിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ 950 കോടിയുടെ ഇടപാടിന്റെ പേരിലാണ് നടപടി. യെസ് ബാങ്ക് പ്രമോട്ടര്‍ കൂടി ആയിരുന്ന റാണ കപൂര്‍ മോര്‍ഗന്‍ ക്രഡിറ്റ്സുമായുളള ഇടപാടില്‍ ജാമ്യം നിന്നിരുന്നു.

കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ നിന്നും വിവരം മറച്ച് വെയ്ക്കുന്നതിലൂടെ ലിസ്റ്റിംഗ് ഒബ്ലിഗേഷന്‍സ് ആന്‍ഡ് ഡിസ്‌ക്ലോഷര്‍ റിക്വയര്‍മെന്റ്സ് റെഗുലേഷന്റെ ലംഘനമാണ് റാണ കപൂര്‍ നടത്തിയിരിക്കുന്നതെന്നും സെബി ആരോപിക്കുന്നു. കമ്പനിക്കും ഓഹരി ഉടമകള്‍ക്കും ഇടയിലുളള സുതാര്യത കാത്ത് സൂക്ഷിക്കുന്നതില്‍ റാണ കപൂറിന് വീഴ്ച പറ്റിയെന്നും സെബി പറയുന്നു.

നിലവില്‍ കളളപ്പണം വെളുപ്പില്‍ കേസില്‍ റാണ കപൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുളളത്. റാണ കപൂറിന്റെ ലണ്ടനിലുളള ഫ്ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. 13.5 മില്യണ്‍ പൗണ്ട്, അതായത് 127 കോടി രൂപ വില വരുന്ന ഫ്ളാറ്റ് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. ലണ്ടനിലെ ഈ സ്വത്ത് വില്‍ക്കാന്‍ റാണ കപൂര്‍ ശ്രമം നടത്തുന്നതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാണ കപൂറിന്റെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയത്.

Author

Related Articles