News

രൂപയുടെ മൂല്യം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി; എഫ്പിഐകള്‍ സജീവം

രൂപയുടെ മൂല്യം വെള്ളിയാഴ്ച ആറ് മാസത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ച്ചയായ മൂന്ന് സെഷനുകളിലും രൂപ മികച്ച മുന്നേറ്റം നടത്തി. വിദേശ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലേക്ക് ഇറങ്ങിയതോടെ കേന്ദ്ര ബാങ്ക് കറന്‍സി ഇടപെടലില്‍ നിന്ന് വിട്ടുനിന്നതായി ട്രേഡേഴ്‌സ് പറഞ്ഞു. ആഴ്ചയില്‍ രൂപയുടെ മൂല്യം ഏകദേശം രണ്ട് ശതമാനം ഉയര്‍ന്നു, 2018 ഡിസംബര്‍ 21 ന് അവസാനിച്ച ആഴ്ചയിലെ പ്രതിവാര നേട്ടത്തിന് ശേഷമുളള ഏറ്റവും മികച്ച മുന്നേറ്റമാണിത്. 2.4 ശതമാനമായിരുന്നു അന്നത്തെ രൂപയുടെ നേട്ടം.

രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ 73.3850 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. പ്രതിദിന മൂല്യവര്‍ധന 0.6 ശതമാനമാണ്. മാര്‍ച്ച് അഞ്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിരക്കായ 73.28 ലേക്കും ഇടയ്ക്ക് മൂല്യം ഉയര്‍ന്നിരുന്നു. 'തുടക്കത്തില്‍, ആര്‍ബിഐ 74.50 സോണിനെ സംരക്ഷിച്ചിരുന്നുവെങ്കിലും, ഇതിന്റെ അഭാവം ഒരു സ്വതന്ത്ര വീഴ്ചയിലേക്ക് നയിച്ചു. സാങ്കേതികമായി, 73 ശക്തമായ പിന്തുണയാണെന്ന് തോന്നുന്നു, സ്‌പോട്ട് സ്ഥിരമായി 73.50 ന് മുകളില്‍ വ്യാപാരം നടത്തുന്നില്ലെങ്കില്‍ (ഡോളര്‍) സഹിഷ്ണുത തുടരും, 74 എന്നത് പ്രതിരോധം മേഖലയാണ്,' എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കറന്‍സി റിസര്‍ച്ച് മേധാവി രാഹുല്‍ ഗുപ്ത പറഞ്ഞു.

ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുകുന്നതും മറ്റ് ഏഷ്യന്‍ വിപണികളുടെ നേട്ടവും രൂപയുടെ കരുത്ത് വര്‍ധിക്കാന്‍ സഹായിച്ചു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റില്‍ ഇതുവരെ 6.2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ സമീപകാല നയമാറ്റം വിദേശ നിക്ഷേപ വരവ് വര്‍ദ്ധിപ്പിക്കുമെന്ന് ട്രേഡേഴ്‌സ് അഭിപ്രായപ്പെടുന്നു.

ഫെഡറല്‍ റിസര്‍വ് വ്യാഴാഴ്ച പരമാവധി തൊഴില്‍, സ്ഥിരമായ നിരക്ക് എന്നിവ കൈവരിക്കുന്നതിനുള്ള നയസമീപനം മാറ്റിയെഴുതി. ശരാശരി രണ്ട് ശതമാനം പണപ്പെരുപ്പം ലക്ഷ്യമിടുമെന്നതാണ് പുതിയ നയം, പലിശനിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം പൂജ്യത്തിനടുത്ത് നിര്‍ത്തണമെന്നും ഫെഡറല്‍ റിസര്‍വ് നിര്‍ദ്ദേശിക്കുന്നു.

ഏപ്രില്‍ മാസത്തില്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ധനം 60 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 535.35 ബില്യണ്‍ ഡോളറിലെത്തി. '2020-21 സാമ്പത്തിക വര്‍ഷം അവസാനത്തോടെ വിദേശ കരുതല്‍ ശേഖരം 567 ബില്യണ്‍ ഡോളറായും 2021-22 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 642 ബില്യണ്‍ ഡോളറായും ഉയരുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു, ഇത് ഇന്ത്യയുടെ ഇറക്കുമതി പരിരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നു, ''ബാര്‍ക്ലേസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ രാഹുല്‍ ബജോറിയ പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.

News Desk
Author

Related Articles