News

തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ കുതിച്ച് കയറ്റം; വിദേശ നിക്ഷേപര്‍ മാര്‍ച്ചില്‍ നിക്ഷേപിച്ചത് 17304 കോടി രൂപ

മുംബൈ: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ കുതിച്ച് കയറ്റം. ആഗോള വിപണിയില്‍ ചലനമുണ്ടായത് ഇന്ത്യയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ് ഇന്ത്യന്‍ വിപണികളില്‍ മാര്‍ച്ചില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഡിപോസിറ്റ് കണക്ക് പ്രകാരം എഫ്പിഐകളില്‍ 10482 കോടി ഇക്വിറ്റികളിലേക്കും, 6822 കോടി ഡെബ്റ്റ് സെഗ്മെന്റിലേക്കുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് രണ്ടും ചേര്‍ത്താണ് 17000 കോടിക്ക് മുകളിലേക്ക് പോയത്.

ഫെബ്രുവരിയിലും ജനുവരിയിലും കുതിച്ച് കയറിയിരുന്നു നിക്ഷേപം. ജനുവരിയില്‍ 14649 കോടിയായിരുന്നു നിക്ഷേപം. ഫെബ്രുവരില്‍ അത് 23663 കോടിയായി ഉയര്‍ന്നു. കൊവിഡ് കേസുകള്‍ ഉയരുന്നത് ഇന്ത്യന്‍ വിപണിയിലെ നിക്ഷേപ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ്. ഗ്രോ സിഒഒ ഹര്‍ഷ് ജെയിനും ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. എന്നാല്‍ വാക്സിനേഷന്‍ നിരക്ക് ഉയര്‍ന്നത് അടക്കമുള്ള കാര്യങ്ങളാണ് വിപണിയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമായത്.

യുഎസ്സിലെ 1.9 ട്രില്യണ്‍ കൊവിഡ് ദുരിതാശ്വാസ പാക്കേജ് വന്‍ നേട്ടമായി ആഗോള വിപണിയില്‍ മാറിയിട്ടുണ്ട്. അതാണ് ഇന്ത്യ പോലെയുള്ള നിക്ഷേപ സാധ്യതകളുള്ള വിപണിയിലേക്ക് നിക്ഷേപമൊഴുകുന്നത്. ചില ആഗോള സൂചികകളിലെ മാറ്റങ്ങല്‍ ഇന്ത്യയില്‍ ഓഹരികളിലേക്കും വിപണിയിലേക്കുമുള്ള നിക്ഷേപ വരവിന് കാര്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച. വന്‍ തോതിലുള്ള വാക്സിനേഷന്‍, വരുമാന വളര്‍ച്ചയില്‍ നേടിയ പുരോഗതി, എന്നിവ ദീര്‍ഘകാല അടിസ്ഥാനില്‍ ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നവയാണെന്ന് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

കയറ്റുമതി മേഖലയില്‍ അതികായരായ ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ വിപണികളിലേക്കും മികച്ച രീതിയില്‍ എഫ്പിഐ എത്തുന്നുണ്ട്. ഇത് യുഎസ് സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള ഉയര്‍ന്ന വളര്‍ച്ചാ പ്രതീക്ഷയുടെ പശ്ചാത്തലത്തിലാണ്. അതേസമയം അമേരിക്കയില്‍ വളര്‍ച്ചാ സാഹചര്യമുണ്ടെങ്കിലും, കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. അതിന് രണ്ട് വര്‍ഷത്തോളം എടുക്കുമെന്നാണ് സൂചന. ഇന്ത്യയിലും യുഎസ്സിലും കൊവിഡ് കേസുകള്‍ കൂടുന്നത് സാഹചര്യത്തെ കൂടുതല്‍ വഷളാക്കും. അത് മറ്റ് വിപണികളെയും കാര്യമായി ബാധിക്കും.

Author

Related Articles