News

ഇന്ത്യന്‍ വിപണിയിലേക്ക് എഫ്പിഐ നിക്ഷേപം ഒഴുകുന്നു; ജൂണില്‍ എത്തിയത് 13,269 കോടി രൂപ

രണ്ട് മാസത്തെ വില്‍പ്പന പ്രവണതയെ മറികടന്ന് ജൂണില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ അറ്റവാങ്ങലുകാരായി മാറി. ജൂണില്‍ 13,269 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. രാജ്യത്ത് തുടര്‍ച്ചയായി കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ വികാരം വര്‍ദ്ധിച്ചതും നിയന്ത്രണങ്ങളില്‍ വേഗം തന്നെ അയവു വന്നതും ഇതിന് കാരണമായെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ (മാനേജര്‍ റിസര്‍ച്ച്) ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. 

ഇതിനൊപ്പം മികച്ച ത്രൈമാസ ഫലങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നല്ല വരുമാന വളര്‍ച്ചാ കാഴ്ചപ്പാടും ഇന്ത്യന്‍ ഇക്വിറ്റികളിലെ എഫ്പിഐ താല്‍പ്പര്യം വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ എഫ്പിഐകള്‍ 17,215 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം എഫ്പിഐ 3,946 കോടി രൂപയുടെ പിന്‍വലിക്കലാണ് ജൂണില്‍ നടത്തിയത്. മൊത്തം 13,269 കോടി രൂപയുടെ അറ്റ നിക്ഷേപം. ഇതിന് മുമ്പ് വിദേശ നിക്ഷേപകര്‍ മെയ് മാസത്തില്‍ 2,666 കോടി രൂപയുടെയും ഏപ്രിലില്‍ 9,435 കോടി രൂപയുടെയും അറ്റ പിന്‍വലിക്കല്‍ ഓഹരിവിപണിയില്‍ നടത്തി.

Author

Related Articles