News

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് 15,403 കോടി രൂപ പിന്‍വലിച്ചു

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് 15,403 കോടി രൂപ പിന്‍വലിച്ചു. നിക്ഷേപങ്ങളുടെ കണക്കനുസരിച്ച് ഏപ്രില്‍ 1-30 കാലയളവില്‍ എഫ്പിഐകള്‍ 6,884 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ നിന്ന് 8,519 കോടി രൂപയും പിന്‍വലിച്ചു. ഇതോടെ മൊത്തം പിന്‍വലിക്കല്‍ 15,403 കോടി രൂപയായി.

മാര്‍ച്ചില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് (ഇക്വിറ്റിയും കടവും) 1.1 ലക്ഷം കോടി രൂപ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപങ്ങളില്‍ കൂടുതലും എന്‍ബിഎഫ്സി, ഫാര്‍മ മേഖലകളിലാണെന്ന് ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു. സാമ്പത്തിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം നിക്ഷേപം പിന്‍വലിക്കല്‍ തുടരുകയാണെന്നും നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും ഇത് ഇന്ത്യന്‍ വിപണികളിലെ നിക്ഷേപ രീതിയിലും പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നടപടികള്‍ നിക്ഷേപകരില്‍ സ്വാധീനം ചെലുത്തുമെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ലോക്ക്ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകളും രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ തുറക്കുന്നതും വിദേശ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ആഭ്യന്തര സാമ്പത്തിക സൂചകങ്ങളും രാജ്യം വരുമാന കമ്മി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും നിക്ഷേപകര്‍ ശ്രദ്ധയോടെ വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍, ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ ദീര്‍ഘകാലത്തേക്ക് സമാനമായ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാമെന്നും അല്ലെങ്കില്‍ കൊറോണ വൈറസ് പാടെ കുറയുന്ന സാഹചര്യം വരണമെന്നും ശ്രീവാസ്തവ പറഞ്ഞു.

News Desk
Author

Related Articles