News

പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയായി എത്തിയത് 205 കോടി രൂപ; സംഭാവന ചെയ്തവരില്‍ എല്‍ഐസി മുതല്‍ റിസര്‍വ് ബാങ്ക് വരെ

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പോയ തുകയുടെ വിവരങ്ങള്‍ പുറത്ത്. രാജ്യത്തെ 7 പൊതുമേഖലാ ബാങ്കുകള്‍, 7 ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിസര്‍വ് ബാങ്ക് എന്നിവയില്‍ നിന്ന് സംഭാവനയായി 204.75 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പോയതായാണ് ദ ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ട റിപ്പോര്‍ട്ട്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ പ്രത്യേകമായി 144.5 കോടി രൂപ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് അടക്കമുളളവയില്‍ നിന്ന് പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കി എന്നാണ് വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഇതടക്കം 15 പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും അടക്കം പിഎം കെയേഴ്സിലേക്ക് ശമ്പളത്തില്‍ നിന്ന് സംഭാവനയായി നല്‍കിയിരിക്കുന്നത് 349.25 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. പിഎം കെയേഴ്സ് ഫണ്ട് സുതാര്യമല്ലെന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമേ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍ഡ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് അഥവാ പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്.

പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് വാദിച്ച് അതിലേക്കുളള സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചിരുന്നു. 113 കോടി രൂപയാണ് എല്‍ഐസി മാത്രം പിഎം കെയേഴ്സിലേക്ക് നല്‍കിയിരിക്കുന്നത്. അതില്‍ 8.64 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 100 കോടി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ വകയും 5 കോടി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ വകയിലുമാണ്. ബാങ്കുകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പണം സംഭാവന നല്‍കിയിരിക്കുന്നത് എസ്ബിഐ ആണ്. 107.95 കോടി രൂപ എസ്ബിഐ നല്‍കിയതായാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുളളതാണ് മുഴുവന്‍ സംഭാവനയും എന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്.

Author

Related Articles