News

ടീ സ്റ്റാളിലെ തൂപ്പു ജോലിയില്‍ നിന്നും 30,000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക്; ശരവണഭവന്‍ ഉടമയുടെ അത്യാഗ്രഹങ്ങളെ ജീവജ്യോതി തോല്‍പിച്ചത് നിയമ പോരാട്ടത്തിലൂടെ; ശതകോടീശ്വരന്റെ മരണത്തോടെ ഹോട്ടല്‍ ശൃംഖലയുടെ ഭാവിയെന്താകുമെന്ന് ബിസിനസ് ലോകം

ചെന്നൈ: ഒന്നുമില്ലായ്മയില്‍ നിന്നും ചിറകടിച്ചുയര്‍ന്ന് വന്ന ബിസിനസ് രാജാക്കന്മാരില്‍ ഏറെ പ്രസിദ്ധി നേടിയ വ്യക്തിയാണ് ശരവണഭവന്‍ സ്ഥാപകന്‍ പി.രാജഗോപാല്‍. ജീവജ്യോതി എന്ന യുവതി നടത്തിയ നിയമ പോരാട്ടത്തിന് പിന്നാലെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും ഹൃദ്രോഗത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം ഇഹലോകത്തോട് വിട പറഞ്ഞിരുന്നു. ടീ സ്റ്റാളിലെ വെറും തൂപ്പു ജോലിയില്‍ നിന്നും 30,000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ചിറകടിച്ചുയര്‍ന്ന രാജഗോപാലിന്റെ ജീവിതം തകര്‍ത്തത് ജ്യോതിഷത്തിലുള്ള അമിത വിശ്വാസമാണെന്നും ഇതിനോടകം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശതകോടീശ്വരന്റെ മരണത്തോടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കോടികള്‍ വിറ്റുവരവുള്ള ശരവണഭവന്‍ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള നടത്തിപ്പ് എപ്രകാരമായിരിക്കുമെന്നാണ്. തന്റെ സ്റ്റാഫിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് കഷ്ടകാലം ആരംഭിക്കുന്നത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും വെറും എട്ട് മാസം മാത്രമാണ് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. നിയമ പോരാട്ടത്തില്‍ ജീവ ജ്യോതിയുടെ കരുത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതിരുന്ന രാജഗോപാലിനെ അവസാനം സുപ്രീം കോടതിയും കൈവിട്ടു. 

ജീവിതം നശിപ്പിച്ചത് ജീവജ്യോതിയോടു തോന്നിയ വഴിവിട്ട മോഹം

ശരവണ ഭവന്‍ ചെന്നൈ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന രാമസാമിയുടെ മകള്‍ ജീവജ്യോതിയോടു തോന്നിയ വഴിവിട്ട മോഹമാണു രാജഗോപാലിനെ കൊലപാതകത്തിലേക്കു നയിച്ചത്. ജ്യോതിയെ മൂന്നാം ഭാര്യയാക്കിയാല്‍ ബിസിനസ് ഇനിയും അഭിവൃദ്ധിപ്പെടുമെന്നു ജ്യോതിഷി പറഞ്ഞെന്നായിരുന്നു ന്യായീകരണം. അന്ന്, രാജഗോപാലിനു പ്രായം 53, ജീവജ്യോതിക്ക് 20. ജ്യോതി വിവാഹാഭ്യര്‍ഥന തള്ളി. പ്രലോഭനവും ഭീഷണിയും ആഭിചാരവുമെല്ലാം ഉപയോഗിച്ചിട്ടും മനസ്സു മാറിയില്ല. ശരവണ ഭവനിലെ തന്നെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ രാമസാമി മകനു കണക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കി.

അതോടെയാണു പ്രിന്‍സും ജ്യോതിയും പ്രണയത്തിലായതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് 1999 ല്‍ വിവാഹിതരായതും. ഇതിനെ അംഗീകരിക്കാന്‍ ദോശ രാജാവിന് മനസ്സ് വന്നില്ല. പ്രിന്‍സിനെ ഇല്ലായ്മ ചെയ്ത് ജീവജ്യോതിയെ സ്വന്തമാക്കാനായി ശ്രമം. എന്നാല്‍ പ്രിന്‍സിനെ കൊന്നിട്ടും ജീവജ്യോതിയെ മാത്രം കിട്ടിയില്ല. ആ പെണ്‍മനസ്സ് ദോശ രാജാവിനെതിരെ പോരിനിറങ്ങി. ഒടുവില്‍ കോടതിയില്‍ നിന്ന് നീതി വാങ്ങി. അങ്ങനെ ദോശരാജാവ് അഴിക്കുള്ളിലും. പിന്നേയും നിയമ പോരാട്ടത്തിലൂടെ ജാമ്യം നേടി പുറത്തു തന്നെ കഴിഞ്ഞു. അതിന് വേണ്ടി വിലങ്ങു തടിയായി സുപ്രീംകോടതി വിധിയെത്തി. ഇതോടെ ആകെ തളര്‍ന്ന അണ്ണാച്ചിയെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.

ദക്ഷിണേന്ത്യയിലെ വീട്ടുഭക്ഷണമായിരുന്ന ദോശയും ഇഡ്ഡലിയും ആഗോള ബ്രാന്‍ഡാക്കി മാറ്റിയ ദോശ രാജാവാണ് ഓര്‍മ്മയാകുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാജ്യാന്തര ബ്രാന്‍ഡ് ആയി വളര്‍ന്ന ശരവണ ഭവന് ഇന്ന് ശാഖകള്‍ 20 ലേറെ രാജ്യങ്ങളിലുണ്ട്. 30,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമായി വളര്‍ന്ന ശരവണ ഭവന്‍ ശൃംഖലയിലെ ഹോട്ടലുകളില്‍ സ്വന്തം ബ്രാന്‍ഡിലുള്ള ഐസ്‌ക്രീം ആണ് വില്‍ക്കുന്നത്. ഇന്നലെയും എല്ലാ ശരവണ ഭവന്‍ ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിച്ചു. തന്റെ മരണത്തിന് സ്ഥാപനങ്ങള്‍ക്കു അവധി നല്‍കരുതെന്ന് രാജഗോപാല്‍ മക്കളോടു പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. ഇന്നലെ അല്‍പം നേരത്തെ രാത്രി എട്ടിന് അടച്ചുവെന്നു മാത്രം. കെ.കെ. നഗറിലും മലേഷ്യയിലെ ക്വാലലംപുരിലും ശരവണ ഭവനില്‍ നല്‍കുന്ന ചട്നിക്ക് ഒരു രുചിയാണ്.

രാവിലെ 5ന് എഴുന്നേറ്റ് ഓരോ കടയിലുമെത്തി ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്ന കഠിനാധ്വാനി, ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപോലെ പരിഗണിക്കുന്ന വിശാല മനസ്സിനുടമ, സ്വന്തം ഗ്രാമത്തിലെ ചെറുപ്പക്കാരെ ജീവിതവിജയത്തിലേക്കു പിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി, ക്ഷേത്രങ്ങള്‍ക്കും മറ്റും കയ്യയച്ചു സഹായിക്കുന്ന ഉദാരമതി. എന്നാല്‍ എന്നാല്‍ ജീവജ്യോതിക്ക് ഇയാള്‍ കുടുംബം തകര്‍ത്ത ദ്രോഹിയാണ്. അതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ച് പോരാട്ടത്തിന് ഇറങ്ങിയത്. വിചാരണയ്ക്കിടെ പ്രിന്‍സിന്റെ സഹോദരന്‍ പോലും കൂറു മാറിയിട്ടും അവര്‍ പോരാട്ടം കൈവിട്ടില്ല. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും രാജഗോപാല്‍ ജ്യോതിയെ കണ്ടു വിവാഹ വാഗ്ദാനം നല്‍കി.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്നു പൊലീസില്‍ പരാതിപ്പെട്ടാണു ജീവജ്യോതി പ്രതികരിച്ചത്. ഒറ്റയ്ക്ക് ഒരാള്‍ കെട്ടിപ്പടുത്ത ഒരു ഹോട്ടല്‍ ശൃംഖല ഇന്ത്യയില്‍ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടല്‍ കടന്നു യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്പമായ കാര്യങ്ങള്‍ അല്ല ഇത്. ഇത്തരം എളുപ്പമല്ലാത്ത കാര്യങ്ങള്‍ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയാണ് ശരവണഭവന്‍ എന്ന ഹോട്ടല്‍ ശൃംഖല വ്യവസായ വൃത്തങ്ങളില്‍ അണ്ണാച്ചി എന്നറിയപ്പെടുന്ന പി. രാജഗോപാല്‍ ലോകം മുഴുവന്‍ പടര്‍ത്തിയത്. ഈ അണ്ണാച്ചിക്ക് ഈ ഗതി വരുമെന്ന് അണ്ണാച്ചിയെ അറിയുന്ന ഒരാളും കരുതിയതുമില്ല.

സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്പോഴും ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല. കൊലപാതകക്കേസില്‍ കുടുങ്ങി വ്യക്തിപരമായി തകര്‍ന്നടിയുമ്പോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം അണ്ണാച്ചി എന്ന രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

സ്ത്രീ രാജഗോപാലിന് ഒരു ദൗര്‍ബല്യമായിരുന്നു. രണ്ടു ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെയാണ് രാജഗോപാലിന്റെ കഴുകന്‍ കണ്ണുകള്‍ തന്റെ ശാഖയില്‍ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേല്‍ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്‌നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാന്‍ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു. 20 വയസുള്ള പെണ്ണിനെ കെട്ടിയാല്‍ മേല്‍ക്ക് മേല്‍ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിന്റെ ചെവിട്ടില്‍ മന്ത്രിച്ചത്. ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷിയുടെ പ്രവചനവും രാജഗോപാലിന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. ജീവജ്യോതിയോട് രാജഗോപാല്‍ നേരിട്ട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

രാജഗോപാല്‍ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യര്‍ത്ഥന നിരസിക്കാന്‍ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല. പ്രായം അതിരു കടന്നിട്ടും ജീവജ്യോതിയെ മോഹിച്ചപ്പോള്‍ അവളെ വിട്ടുകളയാന്‍ രാജഗോപാലിന്റെ മനസ് അനുവദിച്ചതുമില്ല. എന്ത് സംഭവിച്ചാലും പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്റെ നീക്കങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ വ്യവസായ ശൃംഖലയ്ക്ക് മേല്‍ കരിനിഴല്‍ ഏല്‍പ്പിച്ചത്.ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ കണ്ണഞ്ചിക്കുന്ന ജീവിതത്തിന്റെ തന്നെ അവസാനമാവുകയും ചെയ്തു.

സുപ്രീം കോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്കാണ് ഇനി രാജഗോപാല്‍ കീഴടങ്ങാന്‍ പോകുന്നതും. രാജഗോപാലിന്റെ ആഗ്രഹം നിരസിച്ച ജീവജ്യോതി മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് അണ്ണാച്ചിയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. ജീവജ്യോതിയുടെ ഭര്‍ത്താവായ പ്രിന്‍സ് ശാന്തകുമാറിന് രാജഗോപാലിന്റെ ഭീഷണികള്‍ ലഭിച്ചു തുടങ്ങി. പലവിധ ഭീഷണികള്‍ വന്നു തുടങ്ങിയപ്പോള്‍ വിവാഹം കഴിഞ്ഞ ശേഷം 2001-ല്‍ ശാന്തകുമാറും ജീവജ്യോതിയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയാണ് ശാന്തകുമാറിന്റെ ജീവന്‍ എടുത്തത്. ശാന്തകുമാറിനോട് ജീവജ്യോതിയെ ഒഴിവാക്കാനാണ് രാജഗോപാല്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോറ്റ ശാന്തകുമാറിന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. വിവാഹത്തിനു ശേഷം വെറും മൂന്നു വര്‍ഷം ജീവജ്യോതിക്ക് ഒപ്പം കഴിയാന്‍ മാത്രമാണ് ശാന്തകുമാറിന് കഴിഞ്ഞത്.

1999ലായിരുന്നു ഇവരുടെ വിവാഹം. 2001-ല്‍ ശാന്തകുമാര്‍ വധിക്കപ്പെടുകയും ചെയ്തു. രാജഗോപാലിന്റെ ഭീഷണിയായിരുന്നു ദമ്പതിമാരുടെ പരാതിക്ക് ആധാരം. പൊലീസില്‍ പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ കാണാതായി. രാജഗോപാലിന്റെ ഗുണ്ടാസംഘം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. കൊടൈക്കനാലിലെ മേഖലയില്‍ ശാന്തകുമാറിനെ എത്തിച്ച ശേഷം കൊല്ലുകയും മൃതദേഹം വനത്തില്‍ മറവുചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാവുകയും അണ്ണാച്ചിയുടെ പേര് വ്യവസായവൃത്തങ്ങളില്‍ മങ്ങുകയും ചെയ്തത്. ആദായ നികുതി വകുപ്പ് ശരവണഭവന്‍ ഗ്രൂപ്പുകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. റെയിഡ് പേടിച്ചു കോടിക്കണക്കിനു സ്വര്‍ണവും വജ്രവും അടക്കം ശ്മശാനത്തില്‍ കുഴിച്ചിട്ടത് ആദായ നികുതി വകുപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

2001-ലെ ഈ കൊലക്കേസില്‍ 2009ല്‍ രാജഗോപാല്‍ ജാമ്യം നേടിയിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ കേസില്‍ വിധി വന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് ശേഷവും കീഴടങ്ങാന്‍ രാജഗോപാല്‍ മനസ്സ് കാട്ടിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പോരാട്ടം തുടര്‍ന്നു. ഇതിനിടെയിലും എട്ടു മാസം ജയില്‍ വാസം അനുഭവിക്കേണ്ടിയുന്നു.

Author

Related Articles