News

തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു

കൊച്ചി: ജീവിതം അടിക്കടി ദുസ്സഹമാക്കി ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി 21ാം ദിവസമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.01 രൂപയുമാണ് കൂട്ടിയത്.

പുതിയ വില: തിരുവനന്തപുരം-പെട്രോള്‍ 107.74, ഡീസല്‍ 101.3. കൊച്ചി-പെട്രോള്‍ 105.78, ഡീസല്‍ 99.46. കോഴിക്കോട്-പെട്രോള്‍ 105.96, ഡീസല്‍ 99.66. 20 ദിനം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 5.30 രൂപയും പെട്രോളിന് 3.64 രൂപയുമാണ്. ഇതോടെ എല്ലാ ജില്ലയിലും ഡീസല്‍ വില നൂറിലേക്കെത്താറായി.

ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന വിലയിലുണ്ടായത് 30 ശതമാനത്തിന്റെ വമ്പന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഒരു ലിറ്റര്‍ ഡീസലിന് 76.82 രൂപയും ഒരു ലിറ്റര്‍ പെട്രോളിന് 82.01 രൂപയുമായിരുന്നു കോഴിക്കോടുള്ള വില. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 99.26 രൂപയും പെട്രോളിന് 105.57 രൂപയുമാണ് കോഴിക്കോട്ടെ വില നിലവാരം. ഒരു വര്‍ഷത്തിനിടെ ഡീസലിന് 22.44 രൂപയും പെട്രോളിന് 23.56 രൂപയും വര്‍ധിച്ചതായി കോഴിക്കോട്ടെ വില നിലവാരം പരിശോധിച്ചാല്‍ തന്നെ മനസിലാകും.

ഡീസലിന്റെ വിലയിലാണ് വര്‍ധനയുടെ തോത് അല്‍പം കൂടുതല്‍. ഡീസലിന് 29.22 ശതമാനം വില വര്‍ധിച്ചപ്പോള്‍ പെട്രോളിന് 28.67 ശതമാനം വില വര്‍ധനയാണുണ്ടായത്. ഇന്ധന വില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ വില വര്‍ധന എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. പാചകവാതകത്തിനും വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

Author

Related Articles