News

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ ഉടന്‍ തിരികെ വരുമെന്ന് സര്‍വേ

ദുബൈ: കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ വൈകാതെ പഴയ നില കൈവരിക്കുമെന്ന് സര്‍വേ. യുഎഇയും സൗദി അറേബ്യയുമായിരിക്കും ഇതില്‍ മുഖ്യപങ്ക് വഹിക്കുക എന്നും എംയുജിഎഫ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പുതുവഴികള്‍ കണ്ടെത്താന്‍ കോവിഡ് കാലം സഹായകരമായി. ഇത് ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും. വാക്‌സിനേഷന്‍ സജീവമായത് ഉപകരിക്കും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക സൗദിയും യു.എ.ഇയുമായിരിക്കും.

ആഭ്യന്തര വളര്‍ച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും ഇതിന് തുണയാകും. മറ്റ് മേഖലകളിലെ വളര്‍ച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാന്‍ സാധ്യതയില്ല. കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് സര്‍വേയില്‍ എടുത്തുകാണിക്കുന്നു. എന്നാല്‍, എല്ലാ ജി.സി.സി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാന്‍ സാധ്യത കുറവാണ്.

ചില രാജ്യങ്ങളില്‍ കോവിഡിന്റെ അവസ്ഥ അത്ര ശുഭകരമല്ല. യു.എ.ഇയെയും സൗദിയെയും അപേക്ഷിച്ച് തിരിച്ചുവരവിന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമയമെടുക്കും. എങ്കിലും, ഇടക്കിടെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ഈ രാജ്യങ്ങളെയും ബാധിക്കുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Author

Related Articles