News

ഗ്ലാന്‍ഡ് ഫാര്‍മ ഐപിഒയ്ക്ക് 2 മടങ്ങ് അപേക്ഷകള്‍; 6,480 കോടി രൂപ കണ്ടെത്തി

കൊച്ചി: ഓഹരി വിപണിയിലെ കുതിപ്പ് മുന്‍നിര്‍ത്തി നിരവധി കമ്പനികളാണ് ഇപ്പോള്‍ പൊതു വിപണിയില്‍ നിന്നും ധനസമാഹരണത്തിന് (ഐപിഒ) ഒരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ ഒന്നാണ് ചൈനീസ് നിയന്ത്രിത ഫാര്‍മ കമ്പനിയായ ഗ്ലാന്‍ഡ് ഫാര്‍മ. തിങ്കളാഴ്ച്ച തുടക്കമിട്ട ഗ്ലാന്‍ഡ് ഫാര്‍മയുടെ ഐപിഓയ്ക്ക് ബുധനാഴ്ച്ച തിരശ്ശീല വീണു. മൂന്നുദിവസം കൊണ്ട് കരുതിയതിലും രണ്ടിരട്ടി അപേക്ഷകളാണ് കമ്പനിയെ തേടിയെത്തിയത്. ഗ്ലാന്‍ഡ് ഫാര്‍മയുടെ ഐപിഒയ്ക്ക് 2.05 മടങ്ങ് അപേക്ഷകള്‍ ലഭിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1,490 രൂപ മുതല്‍ 1,500 രൂപ വരെ നിരക്കിലാണ് ഐപിഓ സമാഹരണം നടന്നത്. ഇതുവഴി 6,480 കോടി രൂപ പൊതു വിപണിയില്‍ നിന്നും നിക്ഷേപം കണ്ടെത്താന്‍ ഫാര്‍മ ഗ്ലാന്‍ഡിന് കഴിഞ്ഞു.

പറഞ്ഞുവരുമ്പോള്‍ ഫാര്‍മ വ്യവസായത്തിലെ ഏറ്റവും വലിയ 'ഇഷ്യൂവാണ്' ഗ്ലാന്‍ഡ് ഫാര്‍മയുടേത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 1,943.86 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആഭ്യന്തര, ആഗോള തലത്തിലെ 70 പദ്ധതികളാണ് ആങ്കര്‍ നിക്ഷേപകരായി എത്തിയത്. ഐപിഓ വഴി സമാഹരിക്കുന്നവയില്‍ 1,250 കോടി രൂപ പുതിയ ഓഹരി വില്‍പനയിലൂടെയും കമ്പനി കണ്ടെത്തി. മൂലധന, പ്രവര്‍ത്തന മൂലധന ചെലവുകള്‍ക്കായാവും ഗ്ലാന്‍ഡ് ഫാര്‍മ ഈ നിക്ഷേപം പ്രയോജനപ്പെടുത്തുക. നടപ്പു സാമ്പത്തികവര്‍ഷം 50,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കാന്‍ കുറഞ്ഞത് 80 ഇന്ത്യന്‍ കമ്പനികളാണ് ഐപിഓയ്ക്ക് തയ്യാറെടുക്കുന്നത്. ഇതില്‍ കേരളത്തിലെ ഇസാഫ് സ്മോള്‍ ഫൈനാന്‍സും കല്യാണ്‍ ജുവല്ലേഴ്സും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം യുറ്റിഐ അസറ്റ് മാനേജ്‌മെന്റ്, ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ്, ബര്‍ഗര്‍ കിംഗ്, കല്യാണ്‍ ജുവലേഴ്‌സ്, സിഎഎംഎസ്, ഏഞ്ചല്‍ ബ്രോക്കിംഗ്, മില്‍ക്ക് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ്, സ്റ്റഡ്‌സ് ആക്‌സസറീസ്, ലോഡ ഡെവലപ്പേഴ്‌സ്, ആകാഷ് എഡ്യുക്കേഷന്‍, മിസിസ് ബെക്‌റ്റേഴ്‌സ് ഫുഡ് സെഷ്യാലിറ്റീസ്, സെന്‍കോ ഗോള്‍ഡ്, ഫെയര്‍ റൈറ്റിംഗ്, ആനന്ദ് രതി വെല്‍ത്ത് മാനേജ്‌മെന്റ്, പെന സിമന്റ്‌സ്, ബാര്‍ബിക്യൂ നേഷന്‍, എന്‍എസ്ഇ, ലൈറ്റ് ബൈറ്റ് ഫുഡ്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഇന്ത്യന്‍ റെയല്‍വേയ്‌സ് ഫനാന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ റിന്യൂവബിള്‍സ് എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി, മസഗോണ്‍ ഡോക്ക്, ബജാജ് എനര്‍ജി, ജെഎസ്ഡബ്ല്യു സിമന്റ്‌സ്, ഇമാനി സിമന്റ്‌സ്, പിഎന്‍ബി മെറ്റ്‌ലൈഫ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആപീജേ സുരേന്ദ്ര പാര്‍ക് ഹോട്ടല്‍സ്, എന്‍സിഡിഇഎക്‌സ്, റ്റിസിഐഎല്‍, ഹിന്ദുജ ലെയ്‌ലാന്‍ഡ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ പൊതുവിപണിയില്‍ നിന്നും ധനസമാഹരണം നടത്താന്‍ ആലോചിക്കുന്നുണ്ട്.

Author

Related Articles