News

ഇന്ത്യന്‍ കയറ്റുമതി നേട്ടത്തില്‍; 40 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ആവശ്യകത ഉയരുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് ഗുണകരമായി മാറുന്നു. എന്‍ജിനീയറിംഗ് ഗുഡ്‌സ്, കെമിക്കല്‍സ്, ലോ വാല്യു ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് ആവശ്യകത കൂടുന്നത്. ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതി മികച്ച രീതിയില്‍ ശക്തിപ്പെട്ടുവരികയാണ്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് കയറ്റുമതി ഓര്‍ഡറുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, സെറാമിക് ഉല്‍പ്പന്നങ്ങള്‍, കോട്ടണ്‍ ഫാബ്രിക്‌സ് തുടങ്ങിയ രംഗങ്ങളും ആവേശത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. യുഎസില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കയറ്റുമതിക്കാര്‍ക്ക് നേട്ടമായി. യൂറോപില്‍ വൈറസ് വ്യാപനത്തിന്റെ പുതിയ തരംഗം ദൃശ്യമാണെങ്കിലും കയറ്റുമതിയെ അത് വലിയ തോതില്‍ ഇപ്പോള്‍ ബാധിച്ചിട്ടില്ല.   

ഇന്ത്യയില്‍ നിന്നുള്ള മെഷിന്‍ നിര്‍മിത കാര്‍പ്പറ്റുകള്‍ക്കും ലെതര്‍ രഹിത ഫൂറ്റ് വെയറുകള്‍ക്കും വലിയ തോതില്‍ ആവശ്യക്കാരുണ്ട് ഇപ്പോള്‍. കോവിഡ് വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തുന്നത് കയറ്റുമതിക്ക് ഇനിയും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ചൈനയിലേക്കും കൂടി

അതേസമയം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനവാണ് 2020ല്‍ ഉണ്ടായത്. 20.87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ചൈനയിലേക്ക് നടത്തിയത്. മുന്‍ വര്‍ഷം ഇത് 17.9 ബില്യണ്‍ ഡോളറായിരുന്നു. ഇരുമ്പ് അയിര്, സ്റ്റീല്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയവയുടെ കയറ്റുമതിയിലെല്ലാം വര്‍ധനവുണ്ടായി.   

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ 19.39 ശതമാനം കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. 2019ല്‍ 56.95 ബില്യണ്‍ ഡോളറായിരുന്നു ചൈനയുമായി ഇന്ത്യക്കുള്ള വ്യാപാര കമ്മി. ഇത് 2020ല്‍ 45.91 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ 10.87 ശതമാനത്തിന്റെ കുറവുണ്ടാകുകയും ചെയ്തു. 2019ല്‍ 74.92 ബില്യണ്‍ ഡോളറായിരുന്നു ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി. ഇത് 2020ല്‍ 66.78 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് കണക്കുകള്‍ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 2020ല്‍ 5.64 ശതമാനം ഇടിവുണ്ടായി. 2019ല്‍ 92.89 ബില്യണ്‍ ഡോളറായിരുന്നു ഉഭയകക്ഷി വ്യാപാരമെങ്കില്‍ 2020ല്‍ അത് 87.65 ബില്യണ്‍ ഡോളറായി കുറഞ്ഞു. കെയിന്‍ ഷുഗര്‍, സോയബീന്‍ ഓയില്‍, വെജിറ്റെബിള്‍ ഫാറ്റ്‌സ്, ഓയില്‍ തുടങ്ങിയവയാണ് കാര്‍ഷിക മേഖലയില്‍ നിന്ന് കയറ്റുമതിയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. അതേസമയം മാമ്പഴം, ഫിഷ് ഓില്‍, ചായ, ഫ്രഷ് ഗ്രേപ്പ്‌സ് തുടങ്ങിയവയുടെ കയറ്റുമതിയില്‍ കുറവ് വന്നു.

News Desk
Author

Related Articles