News

തോമസ് കുക്കിന്റെ തകര്‍ച്ച;സന്ദര്‍ശകരില്ലാതെ ഗോവന്‍ വിനോദസഞ്ചാര മേഖല

ഗോവന്‍ വിനോദസഞ്ചാരമേഖല വന്‍ തിരിച്ചടികളുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. വിനോദസഞ്ചാരികളുടെ വരവില്‍ മുപ്പത് ശതമാനം ഇടിവുണ്ടായതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.  ഈ മാസം സമാപിക്കാനിരിക്കെ ഷെഡ്യൂള്‍ ചെയ്ത സംഗീത പരിപാടികള്‍ നിലവിലെ പ്രതിസന്ധിയില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോവ ട്രാവല്‍ ആന്റ് ടൂറിസം അസോസിയേഷന്‍ സെക്രട്ടറി ജാക്ക് സെക്വീറ അറിയിച്ചു.  സീസണ്‍ പ്രവചനങ്ങളെ തകിടം മറിക്കുകയാണ്. വിദേശികളുടെ വരവില്‍ 30ശതമാനമാണ് ഇടിവുണ്ടായത്. ആഭ്യന്തര സഞ്ചാരികളും കുറയുന്നു. ഇവിടേക്ക് എത്തുന്ന സഞ്ചാരികളില്‍ ഓയോ പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇത്  തങ്ങള്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്നും ജാക്ക് വ്യക്തമാക്കി. വിദേശ സഞ്ചാരികള്‍ക്ക് നേരെയുള്ള അക്രമവും സാമ്പത്തിക മാന്ദ്യവുമൊക്കെ വിപണിയില്‍ തിരിച്ചടി സമ്മാനിച്ചു.

കൂടാതെ യുകെ ആസ്ഥാനമായുള്ള ചാര്‍ട്ടര്‍ ടൂറിസം ഓപ്പറേറ്റര്‍ തോമസ് കുക്കിന്റെ തകര്‍ച്ചയും ഗോവന്‍ വിനോദ സഞ്ചാര വിപണിയെ ബാധിച്ചു. കാരണം റഷ്യ കഴിഞ്ഞാല്‍ നല്ലൊരു ഭാഗം സഞ്ചാരികള്‍ യുകെയില്‍ നിന്നായിരുന്നു എത്തിയിരുന്നത്. ഈ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ അവസാന വാരം ഷെഡ്യൂള്‍ ചെയ്ത സണ്‍ബേണ്‍ ക്ലാസിിക് പോലുള്ള സംഗീത പരിപാടികള്‍ മാത്രമാണ് ഈ ഡിസംബറിലെ പ്രതീക്ഷയെന്നും ജനുവരിയില്‍ വിപണി മെച്ചപ്പെടുമെന്ന് കരുതുന്നുവെന്നും ടൂറിസം ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.

Author

Related Articles