News

പ്രതിദിനം കാശടച്ചാല്‍ മാത്രമേ ഇനി ഗോ എയറിന് സര്‍വീസ് നടത്താന്‍ കഴിയൂ: കുടിശ്ശിക കൂടുന്ന സാഹചര്യത്തില്‍ നടപടിയുമായി എഎഐ

ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ പ്രതിദിനം കാശടച്ചാല്‍ മാത്രമേ ആഭ്യന്തര വിമാന കമ്പനിയായ ഗോ എയറിന് സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂ. എയര്‍പ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് (എഎഐ) പുതിയ തീരുമാനം. ഗോ എയറിന്റെ കുടിശ്ശിക കുന്നുകൂടുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ ചൊവാഴ്ച്ച മുതല്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങളില്‍ എല്ലാം കമ്പനിക്ക് ദിവസാടിസ്ഥാനത്തില്‍ പണമടയ്ക്കേണ്ടി വരും. വിഷയത്തില്‍ റീജിയണല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്കെല്ലാം എയര്‍പ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി.

ഗോ എയറിന്റെ അതത് സ്റ്റേഷന്‍/എയര്‍പ്പോര്‍ട്ട് അധികൃതര്‍ക്കും എയര്‍പ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ നല്‍കുന്ന എയര്‍ നാവിഗേഷന്‍, ലാന്‍ഡിങ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കെല്ലാം ഗോ എയര്‍ പ്രതിദിനം പണമടയ്ക്കണം. നിലവില്‍ രാജ്യത്തെ നൂറിലേറെ വിമാനത്താവളങ്ങളില്‍ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതേസമയം ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ എയര്‍പ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലല്ല. സ്വകാര്യ കമ്പനികള്‍ക്കാണ് ഈ വിമാനത്താവളങ്ങളുടെ ചുമതല. എയര്‍പ്പോര്‍ട്ട്സ് അതോറിറ്റിയുടെ പുതിയ തീരുമാനം ഗോ എയറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പ്പോര്‍ട്ട്സ് അതോറിറ്റിയുമായി ഗോ എയര്‍ ചര്‍ച്ച നടത്തി വരികയാണ്. ഗോ എയര്‍ വിമാനങ്ങള്‍ പതിവുപോലെ സര്‍വീസുകള്‍ തുടരുമെന്ന് കമ്പനി ചൊവാഴ്ച്ച അറിയിച്ചു. കൊവിഡ് ഭീതിയെത്തുടര്‍ന്നുള്ള യാത്രാ വിലക്കാണ് ഗോ എയര്‍ അടക്കമുള്ള രാജ്യത്തെ വിമാന കമ്പനികളെ അപ്രതീക്ഷിതമായി പ്രതിസന്ധിയിലാക്കിയത്. നേരത്തെ, ലോക്ക്ഡൗണിനെത്തുടര്‍ന്ന് വരുമാനം നിലച്ച പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ടും ശമ്പളം വെട്ടിക്കുറച്ചും ചിലവ് കുറയ്ക്കാന്‍ വിമാന കമ്പനികള്‍ നടപടിയെടുത്തിരുന്നു.

Author

Related Articles