സ്വര്‍ണ്ണ ഇറക്കുമതിയില്‍ 57 ശതമാനം ഇടിവ്; വെള്ളി ഇറക്കുമതിയും ഇടിഞ്ഞു
കറന്റ് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്ന സ്വര്‍ണ്ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 57 ശതമാനം ഇടിഞ്ഞ് 6.8 ബില്യണ്‍ യുഎസ് ഡോളറായി. ഏകദേശം 50,658 കോടി രൂപയാണ് ഇടിവ്. കൊവിഡ് -19 മഹാമാരി മൂലമാണ് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞിരിക്കുന്നത്. വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി 15.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഏകദേശം 1,10,259 കോടി രൂപയുടേത്.
സ്വര്‍ണം പോലെ തന്നെ വെള്ളിയുടെ ഇറക്കുമതിയിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വെള്ളി ഇറക്കുമതി 63.4 ശതമാനം ഇടിഞ്ഞ് 733.57 മില്യണ്‍ ഡോളറിലെത്തി. ഏകദേശം 5,543 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി, ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം എന്നിവ 2020-21 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 23.44 ബില്യണ്‍ യുഎസ് ഡോളറായി കുറയ്ക്കാന്‍ സഹായിച്ചു. മുന്‍വര്‍ഷം ഇത് 88.92 ബില്യണ്‍ ഡോളറായിരുന്നു.
സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് ഇന്ത്യയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. രാജ്യം പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണമാണ് സാധാരണ ഇറക്കുമതി ചെയ്യാറുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ 2020 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ രത്ന, ജ്വല്ലറി കയറ്റുമതിയും 55 ശതമാനം ഇടിഞ്ഞ് 8.7 ബില്യണ്‍ യുഎസ് ഡോളറായി.
സ്വര്‍ണം ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക്ഡൌണുകള്‍ ലഘൂകരിച്ചതിനാല്‍ ജൂലൈയില്‍ മുതല്‍ സ്വര്‍ണ ആവശ്യം വീണ്ടും ഉയര്‍ന്നിരുന്നു. 2020 ലെ സ്വര്‍ണ ഇറക്കുമതിയിലെ ആദ്യത്തെ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ജൂലൈയിലാണ്. എന്നാല്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ദ്ധിക്കുന്നതിന് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. രാജ്യത്തുടനീളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ റെക്കോഡ് ഇടിവാണ് പ്രകടമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍