News

ജുവലറികളുടെ വരുമാനം 15 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണ ജുവലറികളുടെ വരുമാനം 2022-23 ല്‍ 12-15 ശതമാനം വര്‍ധിക്കാനും പ്രവര്‍ത്തന മാര്‍ജിന്‍ 0.5-0.7 ശതമാനം ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2021-22 വരുമാനത്തില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. സ്വര്‍ണ വില വര്‍ധനവും, ഡിമാന്റ് വര്‍ധിച്ചതും ജുവലറികളുടെ വരുമാനം കൂടാന്‍ കാരണമാകും.

സംഘടിത മേഖലയിലെ 82 ജൂവല്‍റികളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 7.3 മുതല്‍ 7.5 ശതമാനം വരെ കൈവരിക്കാന്‍ സാധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 82 ജൂവല്‍റികളാണ് സംഘടിത മേഖലയിലെ മൊത്തം വരുമാനത്തിന്റെ 40 ശതമാനം നേടിയെടുക്കുന്നത്. ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും രത്നങ്ങളും, സ്വര്‍ണ ജൂവല്‍റികള്‍ക്കും നല്‍കുന്ന വായ്പയില്‍ 6 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വാടക, ജീവനക്കാരുടെ ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവ വര്‍ധിക്കുമെങ്കിലും സ്വര്‍ണ വില വര്‍ധനവും, വരും മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണ ജൂവല്‍റികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സഹായകരമായിരിക്കും.

വികസനത്തിനും, സ്വര്‍ണ ശേഖരം വര്ധിപ്പിക്കാനുമായി ചെലവ് വര്‍ധിക്കുമെങ്കിലും, പ്രവര്‍ത്തന മാര്‍ജിനില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യന്‍ -യുക്രയ്ന്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് 40,000 രൂപക്ക് മുകളില്‍ പോയെങ്കിലും നിലവില്‍ 38000 നിലയിലാണ്. അവധി വ്യാപാരത്തില്‍ എം സി എക്‌സില്‍ നിലവില്‍ 10 ഗ്രാമിന് 51,141 രൂപ. 51,800 രൂപ കടന്നാല്‍ മാത്രമേ റാലി പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിലയിരുത്തുന്നു. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ഔണ്‍സിന് 1925 ഡോളര്‍ നിരക്കാണ്. 1965 ഡോളര്‍ കടന്നാല്‍ മാത്രമാണ് മറ്റൊരു റാലിക്ക് സാധ്യത.

Author

Related Articles