News

സ്വര്‍ണ വില വീണ്ടും വര്‍ധിക്കുന്നു; 3 ദിവസത്തിനുള്ളില്‍ പവന് 960 രൂപ ഉയര്‍ന്നു

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച് 36880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4610 രൂപയാണ് ഇന്നത്തെ വില. ഡിസംബര്‍ ഒന്നിന് 35920 രൂപയായിരുന്ന സ്വര്‍ണ വില വെറും 3 ദിവസത്തിനുള്ളില്‍ പവന് 960 രൂപ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഡിസംബറില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2 ശതമാനം ഉയര്‍ന്ന് 49,380 രൂപയിലെത്തി. നാല് ദിവസത്തിനുള്ളില്‍, സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 1,500 രൂപ വരെ ഉയര്‍ന്നെങ്കിലും ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപയേക്കാള്‍ 7,000 രൂപ കുറവാണ്. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ ഇന്ന് 0.2 ശതമാനം ഉയര്‍ന്ന് 63,767 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 350 രൂപയും വെള്ളി കിലോയ്ക്ക് 300 രൂപയും ഉയര്‍ന്നു.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണം യുഎസ് ഡോളറിലെ ബലഹീനതയാണ്. ആഗോള വൈറസ് കേസുകളുടെ തുടര്‍ച്ചയായ ഉയര്‍ച്ചയും സ്വര്‍ണ വില ഉയരാന്‍ കാരണമായി. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് അനിശ്ചിതത്വവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

അന്താരാഷ്ട്ര വിപണികളില്‍ സ്‌പോട്ട് സ്വര്‍ണ്ണ വില ഇന്ന് അല്‍പ്പം കൂടുതലാണ്. സ്പോട്ട് സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,841.90 ഡോളറിലെത്തി. ഈ ആഴ്ചയില്‍ ഇതുവരെ 3% വില വര്‍ദ്ധനവ് രേഖപ്പെടുത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 24.07 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഉയര്‍ന്ന് 1,030.50 ഡോളറിലും പല്ലേഡിയം 0.5 ശതമാനം ഉയര്‍ന്ന് 2,313.00 ഡോളറിലുമെത്തി.

നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള താല്‍പര്യം കുറഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ഇടിഎഫ് നിക്ഷേപത്തിലെ ഇടിവ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ സ്വര്‍ണ്ണ ഇടിഎഫിന്റെ ഓഹരികള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,189.82 ടണ്ണായി. ബുധനാഴ്ച ഇത് 1,191.28 ടണ്ണായിരുന്നു.

Author

Related Articles