News

സ്വര്‍ണ വില മുകളിലേക്ക്; ഏപ്രില്‍ മാസത്തില്‍ മാത്രം 2000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ശനിയാഴ്ച പവന്റെ വില 120 രൂപ കൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം രണ്ടായിരം രൂപയുടെ വര്‍ധനവാണുണ്ടായത്. സ്വര്‍ണ വിലയില്‍ തിരുത്തലുണ്ടായശേഷം തുടര്‍ച്ചയായി വില വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 15 ദിവസത്തിനിടെ ആറ് ശതമാനമാണ് വില വര്‍ധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,648 രൂപയായി. ആഗോള വിപണിയിലും 4 ശതമാനത്തിന്റെ വര്‍ധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,781 ഡോളര്‍ നിലവാരത്തിലെത്തി.

ആഗോളതലത്തില്‍ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താന്‍ ഉത്തേജന പാക്കേജുകളുടെ ഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിപണിയില്‍ വന്‍തോതില്‍ പണമിറക്കുന്നതും ഹ്രസ്വകാലത്തേയ്ക്കെങ്കിലും സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഉത്സവ-വിവാഹ സീസണയാതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതും രാജ്യത്തെ വിലവര്‍ധനവിന് കാരണമായി.

Author

Related Articles