News

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 36,640 രൂപ

കേരളത്തില്‍ സ്വര്‍ണവില കൂടി. ശനിയാഴ്ച്ച സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 36,640 രൂപ രേഖപ്പെടുത്തി. 4,580 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില; വിലവര്‍ധനവ് 15 രൂപ. ഈ മാസം ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില കൂടുന്നതും വിപണി കണ്ടിരുന്നു.

ആഭ്യന്തര വിപണിയില്‍ പത്തു ഗ്രാം സ്വര്‍ണത്തിന് 48,749 രൂപയാണ് വില ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വെള്ളി കിലോയ്ക്ക് 68,639 രൂപയും വില തൊട്ടു. ആഗോള വിപണിയിലെ ചാഞ്ചാട്ടം മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില 3 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.

അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ രാജ്യാന്തര വിപണി. ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട ഓരോ സംഭവവികാസവും സ്വര്‍ണനിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്പോട് സ്വര്‍ണം ഔണ്‍സിന് 1,840.91 ഡോളറാണ് വില. പറഞ്ഞുവരുമ്പോള്‍ ജനുവരിയില്‍ മാത്രം സ്വര്‍ണവിലയില്‍ 3 ശതമാനം തകര്‍ച്ച വിപണി കണ്ടുകഴിഞ്ഞു.

അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സാമ്പത്തിക ഉത്തേജന പാക്കേജിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും സ്വര്‍ണവില ഇടിയാനുള്ള കാരണങ്ങളായി തുടരുന്നു. വ്യാഴാഴ്ച്ച 4.5 ശതമാനത്തോളം നേട്ടം കൊയ്തതിന് ശേഷമാണ് വെള്ളി നിരക്കുകള്‍ ഇപ്പോള്‍ വീണിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 26.18 ഡോളറാണ് വെള്ളിയുടെ ഔണ്‍സ് നിരക്ക്.

Author

Related Articles