News

കേരളത്തില്‍ ഇന്നും സ്വര്‍ണ വില വര്‍ധിച്ചു; പവന് 41320 രൂപയായി

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. പവന് 120 രൂപ വര്‍ദ്ധിച്ച് 41320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5165 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ പവന് ഇന്ന് 520 രൂപ വര്‍ദ്ധിച്ച് 40800 രൂപയായ സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. ഉച്ചകഴിഞ്ഞ് പവന് 400 രൂപ കൂടി വര്‍ദ്ധിച്ച് വില പവന് 41200 രൂപയിലെത്തി. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതല്‍ 40000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വില.

ആഗോള വില വര്‍ദ്ധനവിന് അനുസൃതമായി ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍, ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകളുടെ വില 0.35 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 55,290 രൂപയിലെത്തി. സെപ്റ്റംബര്‍ സില്‍വര്‍ ഫ്യൂച്ചര്‍ നിരക്ക് ഒരു ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 72,600 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 10 ഗ്രാമിന് 1% അഥവാ 580 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് ഉയര്‍ന്ന വിലയായ 55,597 രൂപയിലെത്തിയിരുന്നു. വെള്ളി കിലോഗ്രാമിന് 3.2 ശതമാനം അഥവാ 2250 രൂപ ഉയര്‍ന്ന് ചൊവ്വാഴ്ച 4,200 രൂപ നേട്ടമുണ്ടാക്കി.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ കാര്യമായ മാറ്റമില്ല. യുഎസ് ഡോളറിന്റെ ദുര്‍ബലതയും കൂടുതല്‍ ഉത്തേജക നടപടികളും സ്വര്‍ണ വിലയെ കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,055 ഡോളറിലെത്തിച്ചിരുന്നു. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,039.75 ഡോളറായിരുന്നു വില. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.3 ശതമാനം ഉയര്‍ന്ന് 2,055.90 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.4 ശതമാനം ഇടിഞ്ഞ് 26.91 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയര്‍ന്ന് 970.67 ഡോളറിലെത്തി.

ഡോളര്‍ സൂചിക 0.2 ശതമാനം ഇടിഞ്ഞ് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ച മറ്റ് കറന്‍സി ഉടമകള്‍ക്ക് സ്വര്‍ണ്ണത്തെ വില കുറഞ്ഞതാക്കുന്നു. കുറഞ്ഞ ബോണ്ട് വരുമാനം, യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക സ്ഥിതി, അധിക ഉത്തേജനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കം എന്നിവയ്ക്കിടയിലാണ് യുഎസ് ഡോളര്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്.

ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉത്തേജക നടപടികളും ഈ വര്‍ഷം സ്വര്‍ണം പോലുള്ള സുരക്ഷിത ഇടങ്ങളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ആഗോള വിപണിയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണം ഏകദേശം 34% ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് ബുധനാഴ്ച 0.8 ശതമാനം ഉയര്‍ന്ന് 1,267.96 ടണ്ണായി. യുഎസ് ഡോളറിലെ നിരന്തരമായ ബലഹീനത, ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍, യുഎസ്-ചൈന പിരിമുറുക്കങ്ങള്‍ ഇവയൊക്കെയാണ് ഇടിഎഫില്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ കാരണം.

Author

Related Articles