News

കുതിച്ചുയരുന്ന വില; സ്വര്‍ണ വില പവന് 36000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. 360 രൂപ വര്‍ദ്ധിച്ച് പവന് 36160 രൂപയായി. ആദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഗ്രാമിന് 4520 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണ വില കുതിച്ചുയര്‍ന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ നിരക്ക് ആശങ്ക ജനിപ്പിക്കുന്നതാണ്. സ്വര്‍ണ വില പവന് 36000 കടന്നതോടെ ജ്വല്ലറികളിലും മറ്റും സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ സെഷനില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ത്യയിലെ സ്വര്‍ണ വില ഇന്ന് ചാഞ്ചാട്ടത്തിലാണ്. എംസിഎക്സില്‍ ഓഗസ്റ്റിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 48,730 രൂപയാണ്. വെള്ളി ഫ്യൂച്ചറുകള്‍ 0.12 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 50,423 രൂപയിലെത്തി. ആഭ്യന്തര സ്വര്‍ണ വിലയില്‍ 12.5 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 48,825 രൂപ എന്ന റെക്കോഡാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിത്. കഴിഞ്ഞ സെഷനില്‍ വെള്ളി ഏകദേശം 3% ഉയര്‍ന്നു.

കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില ഇന്ന് എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് കണക്കാക്കപ്പെടുന്നത്. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,782.21 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 1,785.46 ഡോളറിലെത്തിയിരുന്നു.

വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.7 ശതമാനം ഉയര്‍ന്ന് 822.50 ഡോളറിലും വെള്ളി വില 0.6 ശതമാനം ഉയര്‍ന്ന് 18.24 ഡോളറിലും എത്തി. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികള്‍ പലിശ നിരക്ക് കുറയ്ക്കുകയും സ്വര്‍ണ്ണത്തിന് ഗുണം ചെയ്യുകയും ചെയ്തു. ഇത് പണപ്പെരുപ്പത്തിനും കറന്‍സി ഇടിവിനും എതിരായ ഒരു മികച്ച മാര്‍ഗമായി കണക്കാക്കപ്പെടുന്നു.

Author

Related Articles