News

ഒരു മാസത്തിന് ശേഷം സ്വര്‍ണ വിലയിടിഞ്ഞു; പവന് 400 രൂപ കുറഞ്ഞ് 41600 രൂപയായി

ഒരു മാസത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 41600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5200 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.46 ശതമാനം ഉയര്‍ന്ന് 55,040 രൂപയിലെത്തി. സ്വര്‍ണം, വെള്ളി ഫ്യൂച്ചറുകള്‍ 1.43 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 75,220 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 1,000 രൂപയും വെള്ളി കിലോഗ്രാമിന് 1,600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഈ വര്‍ഷം ഇതുവരെ 40 ശതമാനത്തിലധികം ഉയര്‍ന്നു.

കഴിഞ്ഞ സെഷനില്‍ കുത്തനെ ഇടിഞ്ഞതിന് ശേഷം ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 2,033.40 ഡോളറാണ് നിരക്ക്. ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചു വരുന്ന കൊറോണ വൈറസ് കേസുകളും യുഎസ്-ചൈന സംഘര്‍ഷങ്ങളുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് കാരണം. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം കുറഞ്ഞ് 28.28 ഡോളറിലും പ്ലാറ്റിനം 0.9 ശതമാനം ഉയര്‍ന്ന് 970.12 ഡോളറിലും എത്തിയിരുന്നു.

സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ഉപഭോക്തൃ ഡിമാന്‍ഡിനെക്കുറിച്ചുള്ള ആശങ്കകളും വ്യാപാരികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം ഉപയോഗിക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് 0.46 ശതമാനം ഇടിഞ്ഞ് 1,262.12 ടണ്ണായി.

ഇന്ന് ദുര്‍ബലമായ ഡോളറാണ് സ്വര്‍ണ വിലയെ പിന്തുണച്ചത്. ഡോളര്‍ സൂചിക 0.09% ഇടിഞ്ഞു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള പരമാവധി വായ്പ മൂല്യം 75 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് ബാങ്കുകളില്‍ സ്വര്‍ണം പണയം വയ്ക്കാനും സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90% വരെ വായ്പയായി നേടാനും കഴിയുമെന്നാണ്. ഇത് ഇതുവരെ 75% ആയിരുന്നു. ഇളവ് 2021 മാര്‍ച്ച് 31 വരെ ബാധകമായിരിക്കും.

Author

Related Articles