News

സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം; വില 40,000ത്തോട് അടുക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,825 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 38,600 രൂപയും.

ജൂലൈ 25 ശനിയാഴ്ച, ഗ്രാമിന് 4,765 രൂപയായിരുന്നു നിരക്ക്. പവന് 38,120 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും റെക്കോര്‍ഡ് വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1, 944 ഡോളറാണ് നിലവിലെ നിരക്ക്.

കോവിഡ് -19 ആശങ്കകളെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര-രാഷ്ട്രീയ തകര്‍ക്കങ്ങളും സ്വര്‍ണ നിരക്ക് വര്‍ധിക്കാനിടയാക്കി. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 43,000 ത്തോളം രൂപ നല്‍കേണ്ടി വരും.

പവന്‍ സ്വര്‍ണത്തിന് ഈ വര്‍ഷം മാത്രം 9,520 രൂപയാണ് കൂടിയത്. അതും വെറും ഏഴ് മാസം കൊണ്ട്. 2019 ഡിസംബര്‍ 31 ന് സ്വര്‍ണവില 29,080 രൂപ മാത്രം ആയിരുന്നു എന്നത് ഇതോടൊപ്പം ഓര്‍ക്കണം. 31 ശതമാനം ആണ് വില വര്‍ദ്ധിച്ചത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്ന കാഴ്ചയാണ് ലോകം കണ്ടത് 2010 ജൂലായ് മാസത്തില്‍ സ്വര്‍ണവില പവന് 13,800 രൂപയായിരുന്നു. പത്ത വര്‍ഷത്തിന് ശേഷം വില ഏതാണ്ട് മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

Author

Related Articles