News

സ്വര്‍ണ വില 40000 രൂപയായി; ഗ്രാമിന് 5000 രൂപ

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് റെക്കോര്‍ഡ് വില. പവന് 280 രൂപ വര്‍ദ്ധിച്ച് 40000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5000 രൂപയില്‍ എത്തി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. എന്നാല്‍ സ്വര്‍ണ വില വര്‍ദ്ധനവ് വ്യാപാരികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ വില കുത്തനെ ഉയരുന്നത് രാജ്യത്തെ സ്വര്‍ണാഭരണ വ്യാപാരത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.

എംസിഎക്‌സില്‍ ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയര്‍ന്നു. എംസിഎക്‌സ് ഒക്ടോബര്‍ സ്വര്‍ണം ഫ്യൂച്ചേഴ്‌സ് വില 0.83% ഉയര്‍ന്ന് 10 ഗ്രാമിന് 53,216 രൂപയിലെത്തി. വെള്ളി ഫ്യൂച്ചേഴ്‌സ് കിലോയ്ക്ക് 1.4% അല്ലെങ്കില്‍ 865 ഉയര്‍ന്ന് 63535 രൂപയായി ഉയര്‍ന്നു. ആഗോള വിപണിയിലെ വില വര്‍ദ്ധനവിനെ തുടര്‍ന്നാണ് ഈ ആഴ്ച സ്വര്‍ണം പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സെഷനില്‍ വെള്ളി കിലോഗ്രാമിന് 4 ശതമാനം അഥവാ 2,762 രൂപ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ വില 0.4 ശതമാനം ഇടിഞ്ഞിരുന്നു.

ആഗോള വിപണികളില്‍, കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ക്കിടെ സ്വര്‍ണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,958.99 ഡോളറായും യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 0.5 ശതമാനം ഉയര്‍ന്ന് 1,953 ഡോളറിലും എത്തി. ആഗോള വിപണിയില്‍ ഈ മാസം ഇതുവരെ സ്വര്‍ണ വില 10% ഉയര്‍ന്നു, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശതമാനം വര്‍ധനവാണിത്.

Author

Related Articles