News

സ്വർണ്ണ വില എക്കാലത്തെയും മികച്ച റെക്കോർഡിൽ!; ഗ്രാമിന് 4100 രൂപ; സ്വർണം കൊറോണ കാലത്തെ സുരക്ഷിത നിക്ഷേപം

ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണ വില സർവ്വകാല റെക്കോ‍ർഡിലെത്തി. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് ഇപ്പോൾ സ്വർണ്ണ വില. മാർച്ച് ആറിലെ 32320 എന്ന റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കോവിഡ് കാലത്തും സ്വർണത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നത്.

കോവിഡിനെ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയിൽ സ്വർണവില കൂട്ടിയത്. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയർന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.91 ലേക്ക് ഇടിഞ്ഞിരിക്കുകയാണ്.

അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളിൽ നിന്ന് നിക്ഷേപകർ ഡോളർ, സ്വർണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാൻ പ്രമുഖ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ‌ കൂടാതെ, വിവിധ സെൻ‌ട്രൽ‌ ബാങ്കുകൾ‌ സ്വീകരിക്കുന്ന പണ, ധനപരമായ ഉത്തേജക നടപടികളും സുരക്ഷിത താവളങ്ങൾ‌ പോലുള്ള സ്വർണ്ണത്തിന്റെ വികാരം ഉയർ‌ത്തുമെന്ന് ജിയോജിത് ഫിനാൻ‌ഷ്യൽ‌ സർവീസസിലെ ചരക്ക് ഗവേഷണ വിഭാഗം മേധാവി ഹരീഷ് വി പറയുന്നു.

അതേസമയം നിക്ഷേപത്തിന്റെ വീക്ഷണത്തിൽ സ്വർണ നിലവാരം ഉയർന്നിട്ടുണ്ടെങ്കിലും വാങ്ങലിന്റെ അഭാവം വിപരീതഫലമാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ കാരണം സ്പോട്ട് സ്വർണ്ണ വിപണികൾ അടച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം സ്വർണ വിപണിയുൾപ്പെടെ തിരിച്ചപവരുമെന്ന പ്രതീ​​ക്ഷ കൂടിയാണ് നിക്ഷേപത്തെ സ്വാധീനിക്കുന്നത്.

Author

Related Articles