സ്വര്‍ണ സേവിങ്സ് അക്കൗണ്ട് പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടായേക്കും; പദ്ധതിയിങ്ങനെ
ന്യൂഡല്‍ഹി: അടുത്തമാസം ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ അവതരിപ്പിക്കുന്ന പുതിയ ബജറ്റില്‍ സ്വര്‍ണനിക്ഷേപ അക്കൗണ്ട് തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കും. ബാങ്കുകളില്‍ സ്വര്‍ണം സമ്പാദ്യമാക്കുന്ന സ്വര്‍ണ സേവിങ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് തുടങ്ങാം. റിക്കറിങ് ഡെപ്പോസിറ്റ് പോലെ ക്രമമായി നിക്ഷേപം വളര്‍ത്താം. അതതു സമയത്തെ സ്വര്‍ണവിലയ്ക്ക് ആനുപാതികമായ യൂനിറ്റുകളായാണ് നിക്ഷേപം. ഏതു സമയത്തും യൂനിറ്റുകളായി പിന്‍വലിക്കാം. പിന്‍വലിക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ വിപണി വില ഇടപാടുകാരന് ലഭിക്കും. സ്വര്‍ണം വാങ്ങി നിക്ഷേപമെന്ന നിലയില്‍ സൂക്ഷിക്കേണ്ടതില്ല.
സ്വര്‍ണ അക്കൗണ്ടിലെ നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ രീതിയില്‍ പലിശ നല്‍കും. ബോണ്ടിന് ഇപ്പോള്‍ രണ്ടര ശതമാനമാണ് പലിശ. പുതിയ അക്കൗണ്ടിനെക്കുറിച്ച് പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളും സര്‍ക്കാറുമായി ചര്‍ച്ച നടന്നിട്ടുണ്ട്. സേവിങ്സ് പദ്ധതിക്കൊപ്പം, ഡിജിറ്റല്‍ ഗോള്‍ഡിന്റെ കാര്യത്തില്‍ നിയന്ത്രണ മാര്‍ഗരേഖ കൊണ്ടുവരാനും ഉദ്ദേശ്യമുണ്ട്.
സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തുന്നതിനാണ് സ്വര്‍ണ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നത്. കോവിഡ് മൂലമുള്ള പണഞെരുക്കത്തിനിടയില്‍ ഈ വഴിയില്‍ ലഭിക്കുന്ന നിക്ഷേപം സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും സ്വര്‍ണ ഇറക്കുമതി വഴിയുള്ള കറന്റ് അക്കൗണ്ട് കമ്മി കുറക്കാമെന്നും ഇതിനൊപ്പം സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. വര്‍ഷന്തോറും ശരാശരി 850 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ആദായനികുതി ഇളവു പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. മാസ ശമ്പളക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള നികുതിരഹിത നിക്ഷേപ പരിധി ഉയര്‍ത്തിയേക്കും. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ പരിധി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍