News

ഇന്ത്യന്‍ കര്‍ഷകരെ മണ്‍സൂണ്‍ തുണച്ചു; കൃഷി 14 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കര്‍ഷകരെ മണ്‍സൂണ്‍ തുണച്ചു. മണ്‍സൂണിന്റെ മികച്ച സാഹചര്യം കര്‍ഷകരെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ കൃഷി ചെയ്യാന്‍ സഹായിച്ചതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു. നെല്ല്, ധാന്യം, പരുത്തി, സോയാബീന്‍ വിളകളുടെ കൃഷിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവുളളതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വേനല്‍ക്കാല വിളകളില്‍ ഓരോന്നിലും കൃഷി കൂടുതല്‍ ഏക്കറുകളിലേക്ക് വ്യാപിച്ചു. ലോകത്തെ പ്രമുഖ കാര്‍ഷികോല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ഉല്‍പ്പാദന വര്‍ധനവിന് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്റെ പ്രധാന ഭക്ഷ്യവിളയായ നെല്ലിന്റെ കാര്‍ഷിക വിസ്തീര്‍ണ്ണം 26.7 ദശലക്ഷം ഹെക്ടറാണ്. കഴിഞ്ഞ വര്‍ഷം ഇത് 22.4 ദശലക്ഷം ഹെക്ടറായിരുന്നു.

എണ്ണ വിത്ത് നടീല്‍ 17.5 ദശലക്ഷം ഹെക്ടറിലേക്ക് എത്തി. പോയ വര്‍ഷം ഇത് 15 ദശലക്ഷം ഹെക്ടറായിരുന്നു. പ്രധാന വേനല്‍ക്കാല എണ്ണക്കുരു വിളയായ സോയാബീന്‍ വിതയ്ക്കുന്നത് 11.8 ദശലക്ഷം ഹെക്ടറിലാണ്. 10.8 ദശലക്ഷം ഹെക്ടറില്‍ നിന്നാണ് ഈ വര്‍ഷം വര്‍ധനയുണ്ടായത്. സോയാബീന്‍ വിളവെടുപ്പ് കുറഞ്ഞത് 15 ശതമാനം വരെ ഉയരാന്‍ ഇത് കാരണമാകുമെന്നാണ് കണക്കാക്കുന്നത്. കരിമ്പ് നടീല്‍ 5.2 ദശലക്ഷം ഹെക്ടറിലേക്ക് നേരിയ തോതില്‍ ഉയരുകയും ചെയ്തു.

Author

Related Articles