News

ക്രിപ്‌റ്റോകറന്‍സി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍

മുംബൈ: ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ പറ്റിച്ച് പണം തട്ടുന്ന എട്ട് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ പറ്റിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളാണ് ഇവരെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിലക്കിയ ആപ്പുകള്‍ക്കൊന്നും ക്ലൗഡ് മൈനിങ് ഓപ്പറേഷന്‍സുമായി ബന്ധമില്ല. ഇവയ്ക്ക് ക്രിപ്‌റ്റോകറന്‍സി മൈനിങ് ഫീച്ചറുകളുമില്ല. എന്നാല്‍ ആപ്പ് ഉപയോഗിക്കാനായി 14.99 ഡോളര്‍ മുതല്‍ 18.99 ഡോളര്‍ വരെ ഇവര്‍ ഈടാക്കും. അധിക പണം നല്‍കിയാല്‍ ക്രിപ്‌റ്റോകറന്‍സി മൈനിങ് ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയെടുക്കുന്നത്.

ഗൂഗിള്‍ വിലക്കിയ എട്ട് ആപ്പുകള്‍ ബിറ്റ്ഫണ്ട്‌സ്, ബിറ്റ്‌കോയിന്‍ മൈനര്‍, ബിറ്റ്‌കോയിന്‍(ബിടിസി), ക്രിപ്‌റ്റോ ഹോളിക്, ഡെയ്‌ലി ബിറ്റ്‌കോയിന്‍ റിവാര്‍ഡ്‌സ്, ബിറ്റ്‌കോയിന്‍ 2021, മൈന്‍ബിറ്റ് പ്രോ, എതേറിയം (ഇടിഎച്ച്) എന്നിവയാണ്. ക്രിപ്‌റ്റോകറന്‍സിക്ക് സ്വീകാര്യത വര്‍ധിച്ചിരിക്കുന്ന ഘട്ടത്തിലാണ് സാങ്കേതിക ലോകത്തെ ചതിക്കുഴികളില്‍ ആളുകള്‍ പെട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് വ്യാജന്മാരെ തിരിച്ചറിയുക എന്നതും വലിയ പ്രതിസന്ധിയാണ്.

News Desk
Author

Related Articles