News

ഷോകേസ് ന്യൂസ് പ്ലാറ്റ്ഫോം ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍; പ്രസാധകര്‍ക്ക് ഇനി ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കും

ന്യൂഡല്‍ഹി: ഗൂഗിള്‍ തങ്ങളുടെ ഷോകേസ് എന്ന ന്യൂസ് പ്ലാറ്റ്ഫോം ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ സേവനം ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ മുപ്പത് വാര്‍ത്താ പ്രസാധകരാണ് തുടക്കത്തില്‍ ഗൂഗിളുമായി സഹകരിക്കുന്നത്.

സഹകരിക്കുന്ന പ്രസാധകര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍ പണം നല്‍കും. ഉള്ളടക്കങ്ങളുടെ രക്ഷാകര്‍ത്താവ് അതാത് പ്രസാധകര്‍ തന്നെയായിരിക്കും. അതേസമയം, പേവോള്‍ സ്റ്റോറികള്‍ പരിമിതമായി മാത്രം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ സാമ്പത്തിക വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയില്ല.   

കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായിരിക്കേ, ഇന്ത്യയിലെ ജനങ്ങള്‍ ആധികാരിക വാര്‍ത്തകളും വിവരങ്ങളും തേടുന്ന സമയത്താണ് ഷോകേസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് ബ്ലോഗിലൂടെ ഗൂഗിള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഗൂഗിള്‍ ന്യൂസ് ഷോകേസ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. നിലവില്‍ ജര്‍മനി, ബ്രസീല്‍, യുകെ ഉള്‍പ്പെടെ പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ ലഭ്യമാണ്.  ഇന്ത്യയിലെ പ്രസാധക പങ്കാളികളുടെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ ന്യൂസിലെയും ഡിസ്‌കവറിലെയും ന്യൂസ് ഷോകേസ് പാനലുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുമെന്ന് ഗൂഗിള്‍ അറിയിച്ചു. കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തും.

Author

Related Articles