News

എയര്‍ടെല്ലില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയാറായി ഗൂഗിള്‍

ടെക് ഭീമന്‍ ഗൂഗിള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപം നടത്തുന്നു. ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. അതില്‍ 700 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച് എയര്‍ടെല്ലിന്റെ 1.28 ശതമാനം ഓഹരികള്‍ ഗൂഗിള്‍ സ്വന്തമാക്കും. ഓഹരി ഒന്നിന് 734 രൂപ നിരക്കിലാണ് ഇടപാട്. ഭാവിയിലെ മറ്റ് ഇടപാടുകള്‍ക്കായാണ് ബാക്കിവരുന്ന 300 മില്യണ്‍ ഡോളറിര്‍ വിനിയോഗിക്കുക.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഗൂഗിള്‍ നടത്തുന്ന രണ്ടാമത്തെ കമ്പനിയാണ് എയര്‍ടെല്‍. 2020ല്‍ ജിയോയുടെ 7.73 ശതമാനം ഓഹരികള്‍ ഗൂഗിള്‍ സ്വന്താമക്കിയിരുന്നു. അന്ന് 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ചെലവാക്കിയത്. ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിലൂടെ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് ഗൂഗിള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എയര്‍ടെല്‍ ഇടപാടും.

ജിയോയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ വിലക്കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഫോണ്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഗോപാല്‍ വിറ്റല്‍ വ്യക്തമാക്കി. എയര്‍ടെല്ലുമായുള്ള സഹകരണം കൂടുതല്‍ ഇന്ത്യക്കാരിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ സഹായിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു.

News Desk
Author

Related Articles