News

70,207 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; പകുതിയോളം രൂപ വീണ്ടെടുത്തു; കേരളത്തില്‍ മാത്രം 182 കേസുകള്‍; നികുതി വെട്ടിപ്പിന്റെ പുതിയ മുഖം

2017 ജൂലൈ മുതല്‍ 2020 ജനുവരി വരെ രാജ്യത്ത് 70,206.96 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി. ഈ തുകയുടെ പകുതിയോളം (34,591 കോടി രൂപ) നികുതി വകുപ്പിന് വീണ്ടെടുക്കാന്‍ കഴിഞ്ഞതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ കണ്ടെത്തിയ വെട്ടിപ്പ് 951.77 കോടി രൂപ. രാജ്യവ്യാപകമായി 16,393 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 336 പേരെ അറസ്റ്റ് ചെയ്തു.

കേരളത്തില്‍ 182 കേസുകളിലാണ് വെട്ടിപ്പു കണ്ടെത്തിയത്. 665.99 കോടി രൂപ തിരിച്ചുപിടിച്ചു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. തുകയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ജി.എസ്.ടി. വെട്ടിപ്പു നടന്നത് മഹാരാഷ്ട്രയിലാണ്. 2043 കേസിലായി 17,003.47 കോടി രൂപ. ഇതില്‍ 11,260.19 കോടി രൂപ വീണ്ടെടുത്തു. 51 പേരെ അറസ്റ്റ് ചെയ്തു  ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി.

കേസുകളുടെ എണ്ണമെടുത്താല്‍ ജി.എസ്.ടി വെട്ടിപ്പിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കാണ്. 2991 കേസിലായി 9364.62 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. ഇതില്‍ 4424.78 കോടി രൂപ തിരിച്ചുപിടിച്ചു. 46 പേരെ അറസ്റ്റ് ചെയ്തു. മിക്ക സംസ്ഥാനങ്ങളിലും വെട്ടിപ്പു തുകയുടെ 50 % അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞപ്പോള്‍, 87.5 കോടി രൂപ മാത്രമാണ് ഗോവയില്‍ നിന്ന് കണ്ടെടുത്തത്. 61 കേസുകളിലായി 7,557 കോടി രൂപയാണ് ഇവിടെ വെട്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്‌സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി. ഇന്റലിജന്‍സ് എന്നിവയുടെ സഹകരണത്തോടെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നു മന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയശേഷം നികുതി വെട്ടിപ്പ് വര്‍ധിച്ചതിന് തെളിവില്ലെന്ന് അദ്ദേഹം അറിയിച്ചു.

Author

Related Articles