News

ഡിസംബര്‍ 31നകം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇരട്ടി പിഴ

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. കഴിഞ്ഞ ദിവസം മാത്രം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 9.1 ലക്ഷം പേരെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതില്‍ 1.3 ലക്ഷത്തിലധികം പേര്‍ വൈകുന്നേരം 3 മുതല്‍ 4 വരെ ഒരു മണിക്കൂറില്‍ ഐടിആര്‍ ഫയല്‍ ചെയ്തു. നാല് മണി വരെ 7,65,836 പേര്‍ ഐടിആര്‍ ഫയല്‍ ചെയ്തതായും അവസാന 1 മണിക്കൂറിനുള്ളില്‍ 1,35,408 ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായും ആദായനികുതി വകുപ്പ് നേരത്തെ ട്വീറ്റില്‍ അറിയിച്ചിരുന്നു.

സാമ്പത്തിക വര്‍ഷം (അസസ്മെന്റ് ഇയര്‍ 2020-21) 4.37 കോടി ആദായനികുതി റിട്ടേണുകള്‍ ആണ് ഡിസംബര്‍ 28 വരെയുള്ള തീയതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. മൂലധനനഷ്ടം, വസ്തുവില്‍ നിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്ത വര്‍ഷത്തേയ്ക്കുകൂടി പരിഗണിക്കണമെങ്കില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ നല്‍കണം.

ഡിസംബര്‍ 31 ആയ അവസാന തീയതിക്കുള്ളില്‍ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ഭീമമായ തുക പിഴ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ആകും നേരിടേണ്ടി വരുക. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പള വരുമാനക്കാരായ നികുതി ദായകര്‍ സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 10,000 രൂപയാണ് പിഴനല്‍കേണ്ടിവരിക. (മാര്‍ച്ച് 2021 വരെ) അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവര്‍ക്ക് 1000 രൂപയാണ് പിഴ.

Author

Related Articles